അതിരമ്പുഴ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30ന് വലിയ പള്ളിയുടെ മദ്ബഹയിൽനിന്ന് വികാരി ഫാ.
മാത്യു പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തിൽ പുറത്തെടുക്കുന്ന തിരുസ്വരൂപത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ.
ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ എന്നിവർ ചേർന്ന് പരമ്പരാഗത ആഭരണങ്ങൾ ചാർത്തും.
തുടർന്ന് കൈക്കാരന്മാരായ തോമസ് ജോസഫ് പുതുശേരി, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു തെക്കേടത്ത്, ബെന്നി മൂഴിയാങ്കൽ എന്നിവർ തിരുസ്വരൂപം മോണ്ടളത്തിലേക്ക് എത്തിക്കും.
അവിടെവച്ച് വിശുദ്ധന്റെ തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. അപ്പോഴേക്കും ഏലയ്ക്ക മാലകളും നേർച്ച കാഴ്ചകളുമായി വിശ്വാസികൾ കാത്തു നിൽക്കുന്നുണ്ടാവും. തിരുസ്വരൂപ പ്രതിഷ്ഠയെ തുടർന്ന് വികാരി ഫാ.
മാത്യു പടിഞ്ഞാറേക്കുറ്റിന്റെ കാർമികത്വത്തിൽ കഴുന്ന് വെഞ്ചരിപ്പു നടക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും.
നൂറു കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തെ പ്രാർഥനയോടെ അനുഗമിക്കും. ഒൻപതോടെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും.
ദേശക്കഴുന്നുകൾക്ക് ഇന്ന് തുടക്കം
തിരുനാളിനോടനുബന്ധിച്ചുള്ള ദേശക്കഴുന്നുകൾക്ക് ഇന്ന് തുടക്കമാകും.
ഇന്ന് വടക്കുംഭാഗത്തിന്റെ ദേശക്കഴുന്നാണ് നടക്കുക. രാവിലെ 5.45ന് വലിയ പള്ളിയിൽ വടക്കും ഭാഗത്തിന്റെ തിരുനാൾ കുർബാന നടക്കും.
തുടർന്ന് വിശ്വാസികൾ കഴുന്ന് ഏറ്റുവാങ്ങി വീടുകളിൽ പ്രതിഷ്ഠിക്കും. വൈകിട്ട് 6ന് വടക്കും ഭാഗത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ആരംഭിക്കുന്ന ചെറുപ്രദക്ഷിണങ്ങൾ സംഗമിച്ച് രാത്രി എട്ടോടെ ചെറിയ പള്ളിയിലെത്തി സമാപിക്കും.
നാളെ പടിഞ്ഞാറ്റും ഭാഗത്തിന്റെയും മറ്റന്നാൾ തെക്കും ഭാഗത്തിന്റെയും 23ന് കിഴക്കും ഭാഗത്തിന്റെയും ദേശക്കഴുന്നുകൾ നടക്കും.
ചാണകം മെഴുകൽ നേർച്ചയുമായി വിശ്വാസികൾ
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന പ്രസിദ്ധമായ ചാണകം മെഴുകൽ നേർച്ചയ്ക്ക് ഇക്കുറിയും എത്തിയത് നൂറു കണക്കിനു വിശ്വാസികൾ. സന്താനലബ്ധിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും രോഗശാന്തിക്കുമാണ് ചാണകം മെഴുകൽ നേർച്ച നടത്തുന്നത്.
പുറംനാട്ടിൽ നിന്നുപോലും നാനാജാതി മതസ്ഥരാണ് ഈ അപൂർവ വഴിപാട് നടത്താനായി എത്താറുള്ളത്. ഇന്നലെ രാത്രി ഏഴോടെ ആരംഭിച്ച വഴിപാട് സമർപ്പണം പുലർച്ചെ വരെ നീളും.
ചെറിയ പള്ളിയുടെ മുന്നിലെ നടയിലാണ് ചാണകം മെഴുകൽ നേർച്ച നടത്തുന്നത്.
അതിരമ്പുഴയിൽ ഇന്ന്
രാവിലെ 5.40ന് കുർബാന (വലിയപള്ളിയിൽ) – കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 7.30ന് തിരുസ്വരൂപം പ്രതിഷ്ഠിക്കൽ, കഴുന്ന് വെഞ്ചരിപ്പ്, ദേശക്കഴുന്ന് വിതരണം 7.45ന് വലിയ പള്ളിയിൽനിന്ന് ചെറിയ പള്ളിയിലേക്കു പ്രദക്ഷിണം, 9ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, കുർബാന – മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.
സിറിയക് കോട്ടയിൽ 11ന് കുർബാന- ഫാ. ജിജിൻ കാഞ്ഞിരത്തുങ്കൽ.
ഉച്ചകഴിഞ്ഞ് 3ന് കുർബാന- വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ടോം കൊറ്റത്തിൽ വൈകിട്ട് 5.45ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, കുർബാന – പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ.
മാത്യു അഞ്ചിൽ, 6ന് വടക്കുംഭാഗം ദേശക്കഴുന്ന് ആരംഭം, 9ന് ദേശക്കഴുന്ന് സമാപനം, ലദീഞ്ഞ്.
ഭക്തിയുടെ നിറവിൽ കഴുന്ന് പ്രദക്ഷിണം
അതിരമ്പുഴ തിരുനാളിന്റെ ആദ്യ ദിനമായ ഇന്നലെ കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. തുടർച്ചയായ 54–ാം വർഷമാണ് വേദഗിരി സ്പിന്നിങ് മില്ല് (കോട്ടയം ടെക്സ്റ്റൈൽസ്) ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് കഴുന്നു പ്രദക്ഷിണം നടത്തുന്നത്.
കമ്പനിയിലെ നാനാജാതി മതസ്ഥരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന കഴുന്ന് പ്രദക്ഷിണം അതിരമ്പുഴയുടെ മതസാഹോദര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ്. കൈതാരം നാരായണ അയ്യർ കമ്പനി ഉടമയായിരുന്ന സമയത്താണ് കഴുന്ന് പ്രദക്ഷിണം ആരംഭിക്കുന്നത്. വർഷങ്ങൾക്കുശേഷം കമ്പനി സർക്കാർ ഏറ്റെടുത്തെങ്കിലും കഴുന്ന് പ്രദക്ഷിണം ജീവനക്കാർ ഏറ്റെടുക്കുകയും മുടക്കമില്ലാതെ തുടരുകയുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

