എരുമേലി ∙ ശബരിമല പാതയിലെ കണമല ജംക്ഷനിലെ ഇറക്കത്തിൽ കർണാടക സ്വദേശികളായ തീർഥാടകർ യാത്ര ചെയ്ത മിനി ബസ് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആയിരുന്നു അപകടം.എരുമേലിയിൽ നിന്ന് ശബരിമലയിലേക്കു തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. എരുമേലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
ഈ റോഡിൽ മാക്കിൽക്കവല മുതൽ കണമല വരെ 2 കിലോമീറ്ററോളം ദൂരം കുത്തിറക്കമാണ്. ഒരു വശം കൊക്കയും മറുവശം മലയുമുള്ള റോഡാണ്.
ഇറക്കം ഇറങ്ങി വന്നെത്തുന്നത് ഒരു വളവിലുമാണ്. വളവ് തിരിക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക വാഹനങ്ങളും അപകടത്തിൽപ്പെടുന്നത്.
ഇന്നലെ മിനി ബസ് റോഡരികിലെ തിട്ടയിൽ ഇടിച്ച് റോഡിൽ വട്ടം മറിയുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. മോട്ടർ വാഹന വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ അരമണിക്കൂറിനുളളിൽ ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇത്രയും സമയം വലിയ ഗതാഗതക്കുരുക്കുമുണ്ടായി.കർണാടക സ്വദേശികളായ ലിംഗരാജ് (42), നാകേഷ് (42), ഭരത് (22), കിരൺ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
സ്ഥിരം അപകട മേഖലയായ കണമലയിൽ കാര്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
മെഡിക്കൽ കോളജിൽ ഹെൽപ് ഡെസ്ക് തുറന്നു
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി റവന്യു വകുപ്പിന്റെ ഹെൽപ് ഡെസ്ക് തുറന്നു.
ഫോൺ: 8078868148. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

