
കുറവിലങ്ങാട് ∙കോഴായിൽ എംസി റോഡരികത്ത് കുടുംബശ്രീ ആരംഭിച്ച പ്രീമിയം കഫേ സൂപ്പർ ഹിറ്റ്.ആദ്യ മൂന്നു മാസത്തിനുള്ളിൽ അരക്കോടി രൂപയുടെ വിറ്റുവരവ്. ഭക്ഷണശാല വിൽപനയും സൗകര്യങ്ങളും കൊണ്ടു കുടുംബശ്രീയുടെ പ്രീമിയം കഫേകളിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തി.
കോഴായിലെ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിലാണ് കഫേ പ്രവർത്തിക്കുന്നത്.പ്രതിദിനം ശരാശരി 60000 രൂപയുടെ വിൽപന നടക്കുന്നതായി കുടുംബശ്രീ കൺസോർഷ്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ബീന തമ്പിയും സെക്രട്ടറി ഷഹാന ജയേഷും പറഞ്ഞു.
ഒരു ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം നടന്ന ദിവസങ്ങളുമുണ്ട്. ഈ മാസം 16 വരെയുള്ള കണക്ക് അനുസരിച്ച് ഭക്ഷണ വിൽപനയിലൂടെ മാത്രം 54,69,487 രൂപ വരുമാനം നേടി.
പ്രവർത്തനം ആരംഭിച്ചു രണ്ടാം മാസം തന്നെ പ്രതിമാസ വിൽപന 20 ലക്ഷം രൂപ കടന്നു.സയൻസ് സിറ്റിയുടെ തൊട്ടടുത്താണ് കഫേ. മിതമായ നിരക്ക്, പാർക്കിങ് സൗകര്യം,വിശ്രമ സൗകര്യം,ശുചിമുറികൾ,മികച്ച സേവനം തുടങ്ങിയവ കഫേയുടെ പ്രത്യേകതകളാണ്.
ടേക്ക് എ ബ്രേക്കും ശുചിമുറി സൗകര്യവും സൗജന്യമായി ലഭിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീയാണ് നിർവഹിക്കുന്നത്.വിനോദ സഞ്ചാരികൾക്കും സംഘമായി എത്തുന്നവർക്കും മുൻകൂട്ടി അറിയിച്ചാൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഫേയ്ക്കൊപ്പം മുകൾനിലയിലുള്ള ഹാളിലും സൗകര്യമൊരുക്കുന്നുണ്ട്. 6235152829 എന്ന വാട്സാപ് നമ്പറിലോ, 8281624939 നമ്പറിലോ ബന്ധപ്പെട്ടാൽ യാത്രാ സംഘങ്ങൾക്കു മുൻകൂറായി ഭക്ഷണം ഉറപ്പാക്കാം.കഫേയുടെ മുകൾ നിലയിൽ 120 പേർക്കിരിക്കാവുന്ന എസി ഹാൾ ഉണ്ട്.രാവിലെ 6.30 മുതൽ രാത്രി 11.30 വരെയാണ് കഫേയുടെ പ്രവർത്തനം.
ചോറും ഇഡലിയും ഇടിയപ്പവും സാമ്പാറും കുടിവെള്ളവും അടക്കമുള്ളവ സ്റ്റീമർ ഉപയോഗിച്ച് ആവിയിലാണ് പാചകം ചെയ്യുന്നത്. ആധുനിക സംവിധാനമുള്ള അടുക്കളയിൽ 5 സ്റ്റീമറുകൾ സ്ഥാപിച്ചിട്ടുണ്ട്.
രണ്ടു ഷിഫ്റ്റുകളിലായി 13 പാചകക്കാരുടെ സേവനം. ഇവരടക്കം 52 കുടുംബശ്രീ വനിതകൾക്കു തൊഴിൽ നൽകുന്ന സംരംഭമാണ് പ്രീമിയം കഫേ .ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 8 പഞ്ചായത്തുകളിൽ നിന്നുള്ള വനിതകളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയാണ് കഫേയിൽ നിയമിച്ചത്.
രണ്ടാം നിലയിൽ ഷീ ലോഡ്ജിന്റെ നിർമാണം പുരോഗമിക്കുകയാണ്
ഇതു പൂർത്തിയാകുമ്പോൾ ഒന്നാം നിലയിൽ ഗ്രിൽഡ് വിഭവങ്ങൾ അടക്കം നൽകുന്ന ഓപ്പൺ റസ്റ്ററന്റ് കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്.ഉഴവൂർ ബ്ലോക്കിനു കീഴിലുള്ള ഏഴു സിഡിഎസ് അധ്യക്ഷരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ ചുമതല വഹിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് 10 കുടുംബശ്രീ പ്രീമിയം കഫേകൾ ഉണ്ട്. ജില്ലയിൽ ആദ്യത്തേതാണ് കെ.എം.
മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിൽ സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.എം.
മാണി തണൽ വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]