കത്തിയെരിയുന്ന ബീഡി, മഷിയിൽ മുക്കിയെങ്കിലേ അക്ഷരത്തിന് ഭംഗി ഉണ്ടാകൂവെന്ന് കേട്ടിട്ടുണ്ടോ.. എന്റെ തിരഞ്ഞെടുപ്പോർമകളിൽ ഏറ്റവും രസകരമായത് അത്തരമൊരു വിശ്വാസമാണ്.
കോട്ടയം ആർപ്പൂക്കരയാണ് എന്റെ നാട്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഞങ്ങളുടെ തൊമ്മൻകവല പോസ്റ്ററുകൾ കൊണ്ട് നിറയും.
കളർ പ്രിന്റ് പ്രചാരത്തിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളു. കൈ കൊണ്ടെഴുതിയ പോസ്റ്ററുകൾക്കാണ് അന്നും ഡിമാൻഡ്.
പ്രധാന എഴുത്തുകാരനായ ജയൻ ചേട്ടൻ എഴുത്ത് തുടങ്ങുന്നതിന് മുൻപ് ഒരു ബീഡി കത്തിക്കും.
2 പുകയെടുത്ത് അന്തരീക്ഷത്തിലേക്ക് വിടും. എന്നിട്ട് ആ കുറ്റി നീലത്തിലോ നിറത്തിലോ മുക്കി പേപ്പറിലും തുണിയിലുമെഴുതും.
രാത്രി ഇത് കാണാൻ ഞാനും ചേട്ടനും പ്രദേശത്തെ പിള്ളേരുമെല്ലാം പോകും. ഹൈസ്കൂളിൽ പഠിക്കുന്ന എന്റെ ചേട്ടൻ ബീഡി വലിക്കാനുള്ള ‘സുവർണാവസരം’ ആയാണ് ഈ പോസ്റ്റർ ഒട്ടിക്കലിനെ കണ്ടിരുന്നത്.
ബീഡിയുടെ കുറ്റി നീലം നിറച്ച ചിരട്ടയിൽ മുക്കി വലിയ പേപ്പറിൽ അതിവേഗത്തിൽ എഴുത്ത് പൂർത്തിയാക്കുന്ന അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾ അദ്ഭുതത്തോടെ നോക്കി നിൽക്കും. കത്തിനിൽക്കുന്ന ബീഡി മഷിയിൽ മുക്കിയാലേ അക്ഷരത്തിന് ഭംഗി ഉണ്ടാകൂവെന്ന് ഞങ്ങളെ വിശ്വസിപ്പിക്കാൻ ജയൻ ചേട്ടന് കഴിഞ്ഞു.
വോട്ടെടുപ്പ് ദിവസം ഞങ്ങൾക്ക് മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു.
കാരണം, അറ്റ (അച്ഛനെ ഞങ്ങൾ വിളിക്കുന്നത്) തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകും, വൈകിട്ട് വീട്ടിലെത്തില്ല. ആർപ്പൂക്കര ചൂരക്കാവ് പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് രാത്രി വൈകി വീട്ടിലെത്താൻ എനിക്കും ചേട്ടനും സ്വാതന്ത്ര്യം ലഭിക്കുന്ന ചുരുക്കം ചില ദിനങ്ങളിൽ ഒന്നായിരുന്നു അത്.
ആദ്യമായി വോട്ട് ചെയ്തപ്പോൾ ഉണ്ടായ ചെറിയൊരു ഭയം, പിന്നീട് ഒരു പ്രിസൈഡിങ് ഓഫിസറായി സേവനം ചെയ്യേണ്ടി വന്നപ്പോഴും എന്റെയൊപ്പം ഉണ്ടായിരുന്നു.
എന്നാൽ ആ ഭയം, ഉത്തരവാദിത്തത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു. മനുഷ്യരുടെ എത്രയോ വ്യത്യസ്ത രൂപങ്ങൾ കണ്മുന്നിൽ വന്നുപോയി.
രാവിലെ തന്നെ മദ്യലഹരിയിൽ എത്തുന്നവരിൽനിന്ന് തുടങ്ങി, ദുർബലരും നിസ്സഹായരുമായ മനുഷ്യർ, വയോധികർ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരൊക്കെ ഏറെ സ്പർശിക്കുന്ന അനുഭവമായിരുന്നു. വിനിൽ പോൾ, എഴുത്തുകാരൻ, കൊല്ലം ഫാത്തിമമാതാ കോളജിലെ ചരിത്രവിഭാഗത്തിൽ അധ്യാപകൻ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

