കുറവിലങ്ങാട് ∙റോഡ് വാഹനങ്ങളുടെ സഞ്ചാരത്തിനുള്ളതാണെങ്കിലും കുറവിലങ്ങാട് മേഖലയിൽ പല സ്ഥലത്തും വാഹനങ്ങളുടെ പാർക്കിങ് കൂടി റോഡിലാണ്. എംസി റോഡ് ഉൾപ്പെടെ മിക്ക റോഡുകളിലും ഇതാണ് സ്ഥിതി.
അശാസ്ത്രീയമായ പാർക്കിങ് അപകട സാധ്യത വർധിപ്പിക്കുന്നു.
റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇവിടെ വർധിക്കുകയാണ്.കുറവിലങ്ങാട് ടൗണിൽ റോഡരികത്ത് പാർക്കിങ് തോന്നുംപടി.
എവിടെയും എപ്പോൾ വേണമെങ്കിലും വാഹനം പാർക്കു ചെയ്യുന്ന അവസ്ഥ. ചില സ്ഥലങ്ങളിൽ ഇത്തരം പാർക്കിങ് മണിക്കൂറുകളോളം.
പൊലീസ് പരിശോധന പോലും നടത്തുന്നില്ല.
നടപ്പാതകളിൽ വാഹനം പാർക്കു ചെയ്താൽ പോലും നടപടി ഇല്ല. കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡിൽ ടോറസ് ലോറി ഉൾപ്പെടെ വാഹനങ്ങളാണ് റോഡിലേക്കു കയറ്റി പാർക്ക് ചെയ്യുന്നത്.
വീതി കുറഞ്ഞ റോഡിൽ ഇത്തരം പാർക്കിങ് അപകടത്തിനു കാരണമാകുന്നു. എംസി റോഡിൽ തടിലോറികൾ,കണ്ടൈനർ ലോറികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്ക് ലോറികൾ എന്നിവ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് പതിവാണ്.
എംസി റോഡിൽ കോട്ടയം മുതൽ ജില്ലാ അതിർത്തിയായ പുതുവേലിവരെ നാറ്റ്പാക് സംഘം പരിശോധന നടത്തിയിരുന്നു.
റോഡ് ജില്ലയിലൂടെ കടന്നു പോകുന്ന ഭാഗങ്ങളിൽ ഭൂരിപക്ഷവും അപകടമേഖല ആണെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത്. നാറ്റ്പാക് റിപ്പോർട്ടിലും അനധികൃത പാർക്കിങ് സംബന്ധിച്ചു പരാമർശമുണ്ട്.
ഇതിനു മുൻപ് നടത്തിയ പഠനത്തിൽ പല സ്ഥലത്തും ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. അന്നത്തെ റിപ്പോർട്ടിലെ നിർദേശങ്ങൾ മിക്കവയും നടപ്പായില്ല.
നിയന്ത്രണം ഇല്ലാതെ തടിലോറികൾ
എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ നിയന്ത്രണം ഇല്ലാതെ തടിലോറികൾ.തിരുവനന്തപുരം മുതൽ തെക്കൻ ജില്ലകളിൽ നിന്നും പുറപ്പെട്ടു മരത്തടി വ്യാപാരത്തിന്റെ കേന്ദ്രമായ പെരുമ്പാവൂരിലേക്കു പോകുന്ന ലോറികൾക്കു നിയമം ബാധകമല്ലാത്ത അവസ്ഥയാണ്.അമിത ഭാരം കയറ്റിപ്പോകുന്ന ലോറികളിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയാറാവുന്നില്ല.
ലോറികളിൽ പലതും അപകടത്തിൽ പെടുന്നതാണ് മറ്റൊരു പ്രശ്നം.
അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയും മുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാതെയുമാണ് ലോറികൾ ദിനംപ്രതി കടന്നു പോകുന്നത്. സാധാരണ ഒരു ലോറിയിൽ 10 ടൺ തടി കയറ്റാനേ നിയമം അനുവദിക്കുന്നുള്ളൂ.
എന്നാൽ 20 മുതൽ 23 ടൺ വരെ കയറ്റിയാണ് പെരുമ്പാവൂർക്ക് പോകാറുള്ളതെന്നു മരത്തടി കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. വാഹനത്തിന്റെ കാബിനേക്കാൾ ഉയരത്തിൽ, മുന്നിലും പിന്നിലും വശങ്ങളിലേക്കുമെല്ലാം പുറത്തേക്ക് തള്ളിനിൽക്കുന്ന കൂറ്റൻ മരത്തടികളുമായാണ് ലോറികൾ നിരത്തുകളിലൂടെ കടന്നുപോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]