കോട്ടയം ∙ നാട്ടകം ഷൂട്ടിങ് റേഞ്ചിന്റെ സ്ഥലം ഏറ്റെടുത്ത് സർക്കാർ. നാട്ടകം പോളിടെക്നിക് കോളജിനുള്ളിലെ 50 സെന്റ് സ്ഥലത്ത് ജില്ലാ റൈഫിൾ അസോസിയേഷന്റെ പേരിലുള്ള സ്ഥലത്തെ ഷൂട്ടിങ് റേഞ്ച് ഒഴിഞ്ഞു നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി.
ഇതോടെ നാട്ടകം ഷൂട്ടിങ് റേഞ്ചിൽ പരിശീലിച്ചിരുന്ന ജില്ലയിലെ ഷൂട്ടർമാർ തൊടുപുഴ മുട്ടത്തെ ഷൂട്ടിങ് റേഞ്ചിൽ പരിശീലനത്തിനായി പോകേണ്ട സ്ഥിതിയാണ്.
500 അംഗങ്ങളാണ് ജില്ലാ റൈഫിൾ അസോസിയേഷനിലുള്ളത്.0.22 റൈഫിൾ, 3.2, 2.2 പിസ്റ്റളുകൾ എന്നിവയുടെ പരിശീലനത്തിനുള്ള സൗകര്യമാണ് നാട്ടകത്തുണ്ടായിരുന്നത്. തോക്കുകളും പിസ്റ്റളുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പരിശീലന സംവിധാനവും സ്ട്രോങ് റൂമും തയാറാകുന്നതു വരെ തോക്കും പിസ്റ്റളും മാറ്റാൻ സാധിക്കില്ല. പുതിയ സ്ഥലം തേടുകയാണ് ഷൂട്ടിങ് റേഞ്ച് ഭാരവാഹികൾ.
1965 ലാണ് സർക്കാർ റൈഫിൾ ക്ലബ്ബിന് സ്ഥലം വിട്ടുനൽകിയത്.
കഴിഞ്ഞ വർഷം പൊലീസ് പരിശീലനത്തിനിടെ 2 ബുള്ളറ്റുകൾ സമീപത്തെ വീട്ടിൽ പതിച്ചിരുന്നു. തുടർന്നു ഷൂട്ടിങ് റേഞ്ചിന്റെ പ്രവർത്തനം നിലച്ചു.
അന്വേഷണ സംഘം റൈഫിൾ ക്ലബ്ബിന് അനുകൂലമായ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നൽകിയിരുന്നു. പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് സ്ഥലം അന്ന് അനുവദിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരികെ എറ്റെടുക്കാൻ തീരുമാനിച്ചത്.
ഷൂട്ടിങ് റേഞ്ച് അധികൃതർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.അപകടം സംഭവിച്ച സാഹചര്യത്തിൽ പോളിടെക്നിക്കുള്ളിൽ ഷൂട്ടിങ് റേഞ്ച് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന പോളിടെക്നിക് കോളജിന്റെ നിലപാടും തിരിച്ചടിയായി. ജില്ലാ കലക്ടർ പ്രസിഡന്റും ജില്ലാ പൊലീസ് മേധാവി വൈസ് പ്രസിഡന്റുമായാണ് എല്ലാ ജില്ലകളിലും റൈഫിൾ അസോസിയേഷന്റെ പ്രവർത്തനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

