മുണ്ടക്കയം ഈസ്റ്റ്∙ കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് കൊടികുത്തി മുളംകുന്ന് നിവാസികൾ.
കൊക്കയാർ പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ പ്രദേശത്ത് മാത്രം ഹെലിബറിയ പദ്ധതിയിൽ വെള്ളം നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.ഇടുക്കി ജില്ലയിലെ ഹെലിബറിയ പദ്ധതിയിൽ നിന്നാണ് പ്രദേശത്തെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ വെള്ളം നൽകുന്നത്.
എന്നാൽ സമീപ പ്രദേശങ്ങളിൽ എല്ലാം വെള്ളം സുലഭമായി നൽകുമ്പോഴും മുളംകുന്ന് സുരേന്ദ്രൻ കട ഭാഗത്തുള്ള ലൈനിൽ വെള്ളം കിട്ടാറില്ല.
മുൻപും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായിരുന്നതെങ്കിലും കിണറുകളിലും തോടുകളിലും വെള്ളം വറ്റിയതോടെയാണു ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ച് പരാതി പറയുമ്പോൾ പൈപ്പുകളിൽ അര മണിക്കൂർ വെള്ളം വരും. 500 ലീറ്റർ പോലും ടാങ്കിൽ നിറയും മുൻപേ ഇത് നിലയ്ക്കും.
ഇത്രയും വെള്ളം കൊണ്ട് ആഴ്ചകളോളം കഴിഞ്ഞു കൂടണം എന്ന ഗതികേടിലാണ് ജനം. കൂലിപ്പണിക്കാർ ഉൾപ്പെടെ സാധാരണക്കാരും കൃഷിക്കാരും താമസിക്കുന്ന മേഖലയിൽ 2,500 രൂപ ആഴ്ചയിൽ വെള്ളത്തിനായി മുടക്കേണ്ടി വരുന്നു എന്ന് നാട്ടുകാർ പറയുന്നു. ജോലി കഴിഞ്ഞ് എത്തി കിലോമീറ്ററുകൾ നടന്ന് കൊടികുത്തി ഭാഗത്ത് പോയി വെള്ളം തലച്ചുമടായി കൊണ്ടുവരുന്ന ആളുകളും ഇക്കൂട്ടത്തിലുണ്ട്.
സമീപമുള്ള പെരുവന്താനം പഞ്ചായത്തിന്റെ പല വാർഡുകളിലും വെള്ളം കൃത്യമായി ലഭിക്കാറുണ്ടെന്നും ഇവിടേക്കുള്ള വിതരണം മാത്രമാണ് തടസ്സപ്പെടുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു. വെള്ളം യഥാസമയം ലഭിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് ഇവർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

