മുണ്ടക്കയം ∙ നാല് വർഷം മുൻപ് നാടിനെ നടുക്കിയ പ്രളയം മനുഷ്യ ജീവനുകൾ കവർന്ന് ഒഴുകിയ വഴികളിൽ ഓർമകൾ അവശേഷിക്കുകയാണ്. 17 ജീവനുകൾ മണ്ണിനടിയിൽ പുതഞ്ഞു പോയ മൂന്ന് സ്ഥലങ്ങളിലും ഇപ്പോൾ പച്ചപ്പ് പടർന്ന് കാഴ്ചകൾ ഇല്ലാതാക്കുന്നു.
പക്ഷേ, ഓരോ ഒക്ടോബർ 16നും ഓർമപ്പെടുത്തുന്നത് അതീവ ജാഗ്രതയുടെ മുന്നറിയിപ്പുകളാണ്. ക്ഷണം നേരം കൊണ്ട് ഒരായുസ്സിന്റെ എല്ലാം നഷ്ടപ്പെട്ട
ആളുകൾ, ഒരു കൈ നീട്ടി രക്ഷിക്കാൻ കഴിയാത്തവിധം വിധി കവർന്ന ജീവനുകൾ. കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളെ മുക്കിയ വെള്ളത്തിന്റെ ഉയരത്തിനു മേൽ ഉത്തരമില്ലാതെ ഉയർന്ന ആശങ്കകൾ.
ഇവയെല്ലാം അതിജീവിച്ച് ജീവിത വഴിയിൽ വീണ്ടും പഴയ നിലയിലേക്ക് നീങ്ങുകയാണ് ഇവിടുത്തെ ഗ്രാമങ്ങൾ.
ഓർമയിൽ ഇവർ
പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി ഇന്ന് പഞ്ചായത്തിൽ അനുസ്മരണം നടക്കുമെന്ന് പ്രസിഡന്റ് ബിജോയി ജോസ് പറഞ്ഞു. നാല് വർഷം മുൻപ് നഷ്ടമായത് ഇവരെയാണ്.
∙ കാവാലി ഒട്ടലാങ്കൽ (വാളാക്കുന്നേൽ) മാർട്ടിൻ (റോയി – 47), ഭാര്യ സിനി (35), മക്കൾ സ്നേഹ (13), സോന (10), സാന്ദ്ര (9) മാർട്ടിന്റെ മാതാവ് ക്ലാരമ്മ ജോസഫ് (65)
∙ പ്ലാപ്പള്ളിയിൽ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45) മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48)
∙ ഇളംകാട് ഓലിക്കൽ ഷാലറ്റ് (29)
∙ ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി (50)
∙ ഇടുക്കി ജില്ലയിൽ പൂവഞ്ചി ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീൻ (10), അംന (7), ഫൗസിയുടെ സഹോദരൻ കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഹ്സാന (8), അഹിയാൻ (4) സച്ചു ഷാഹുൽ (7) ചിറയിൽ ഷാജി (55)
∙ കൊക്കയാർ ചേപ്ലാംകുന്നേൽ ആൻസി സാബു (50).
അതിജീവനം
വിലയിരുത്തിയ നഷ്ടം 70 കോടി രൂപ ആയിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിന്റെ വാർഡ് ഒന്ന് ഒഴികെ 12 വാർഡുകളിലും പ്രളയം നാശം വിതച്ചു.
മുണ്ടക്കയം കൂട്ടിക്കൽ, കൊക്കയാർ വില്ലേജുകളിൽ പൂർണമായി തകർന്ന വീടുകൾ 255. ഭാഗികമായി തകർന്നത് 2538 വീടുകൾ.
കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം ഉൾപ്പെടെ പ്രധാന നാല് പാലങ്ങളും, ഗ്രാമീണ മേഖലയിൽ നടപ്പാലങ്ങൾ ഉൾപ്പെടെ 17 പാലങ്ങളും തകർന്നു. തകർന്ന പാലങ്ങളുടെ നിർമാണം പൂർത്തിയായി വരികയാണ്.
ഗ്രാമീണ മേഖലയിൽ പാലങ്ങൾ നിർമിക്കേണ്ടതുണ്ട്. പ്രളയത്തിൽ തകർന്ന റോഡുകൾ ഒരു പരിധി വരെ വീണ്ടെടുക്കാൻ കഴിഞ്ഞു.
സർക്കാർ സംവിധാനങ്ങൾക്ക് പുറമേ വിവിധ സംഘടനകൾ നിരവധി ആളുകൾക്ക് വീടുകൾ നൽകി.
പരിഭവങ്ങൾ ഇനിയുമേറെ
കൊക്കയാർ ∙ പ്രളയജലം പുല്ലകയറാന്റെ തീരത്ത് കവിഞ്ഞൊഴുകിയപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട കൊക്കയാർ പഞ്ചായത്തിൽ തീരദേശത്ത് താമസിച്ച ഒൻപത് കുടുംബങ്ങൾക്ക് സഹായം ഇനിയും അകലെ.
പ്രളയത്തിന് ശേഷം നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയവർ ഇവരുടെ വീടുകൾക്ക് കുറിച്ചത് അൻപത് ശതമാനം നാശനഷ്ടം മാത്രമാണ്. ഇത് പ്രകാരം ചിലർക്ക് ഒന്നേകാൽ ലക്ഷം രൂപ ധനസഹായവും നൽകി.
എന്നാൽ പുല്ലകയാറിന്റെ തീരത്തുള്ള വീടുകൾ വാസയോഗ്യമല്ലെന്ന് പിന്നീട് റവന്യു അധികൃതർ റിപ്പോർട്ട് നൽകുകയും. ഒൻപത് കുടുംബങ്ങളോടു മാറി താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ഇവിടെ താമസിച്ചിരുന്ന ആളുകൾ വാടക വീടികളിലേക്കു മാറി. വാടകയ്ക്ക് താമസിക്കാൻ നിർവാഹമില്ലാത്ത നാല് കുടുംബങ്ങൾ അപകട
സാധ്യതയുള്ള വീടുകളിലേക്ക് തന്നെ തിരികെ എത്തുകയും ചെയ്തു. സാങ്കേതിക പിഴവുകളുടെ പേരിൽ ഇവർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല.
ഇവർ ഇപ്പോഴും സുരക്ഷിതമില്ലാതെ കഴിയുന്ന അവസ്ഥയ്ക്ക് മാറ്റം വരാൻ ഇനിയും എത്ര വാർഷികങ്ങൾ കാത്തിരിക്കേണ്ടിവരും എന്ന് നാട്ടുകാർ ചോദിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

