കോട്ടയം ∙ വയോധിക ദമ്പതികളെ സിഐടിയു മുൻ പ്രാദേശിക നേതാവ് വീട്ടിൽക്കയറി ആക്രമിക്കുകയും കത്തിവീശി കൊലവിളി നടത്തുകയും ചെയ്ത സംഭവത്തിൽ 72 വയസ്സുകാരനായ ഗൃഹനാഥനെതിരെ കേസെടുത്ത് ചിങ്ങവനം പൊലീസ്. സിഐടിയു മുൻ നേതാവ് പനച്ചിക്കാട് കച്ചേരിക്കവല കെ.ബി.ബൈജുവിനെ തള്ളിയിട്ടു ചവിട്ടിയെന്നും വടികൊണ്ട് അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാട്ടിയാണു പരുത്തുംപാറയിൽ വാടകയ്ക്കു താമസിക്കുന്ന പ്ലാംപറമ്പിൽ ബാബു ജോണിനെതിരെ കേസ്.
വാഹനത്തിൽ പച്ചക്കറിക്കച്ചവടം നടത്തുന്നവർക്കു വീടിനു മുന്നിൽ കച്ചവടം നടത്താൻ ഗേറ്റ് തുറന്നു നൽകിയെന്നാരോപിച്ചു ബാബു ജോണിനെയും ഭാര്യ തങ്കമ്മയെയും (70) ആക്രമിച്ച കേസിലെ പ്രതിയാണു ബൈജു.
8നു വൈകിട്ട് 6.45ന് ആയിരുന്നു സംഭവം. ഗേറ്റിനു സമീപം ഇരിക്കുകയായിരുന്ന ബാബുവിനെ വലിച്ചു താഴെയിട്ടശേഷം ബൈജു അടിക്കാൻ ശ്രമിച്ചു.
ബാബു ഓടി വീട്ടിൽക്കയറിയതോടെ തൊട്ടടുത്തുള്ള കടയിൽനിന്നു കത്തിയുമായെത്തിയ ബൈജു വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി ദമ്പതികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ചിങ്ങവനം പൊലീസിനെ വിളിച്ചെങ്കിലും ഒരു ദിവസം കഴിഞ്ഞാണു പൊലീസ് വീട്ടിലെത്തിയത്.
സീനിയർ സിപിഒയാണു വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്നു 3 ദിവസം കഴിഞ്ഞാണു കേസ് റജിസ്റ്റർ ചെയ്തത്.
12നു ബാബുവിനെ പ്രതിയാക്കി മറ്റൊരു കേസുമെടുത്തു. ബൈജുവിനു മർദനമേറ്റെന്ന് ആശുപത്രിയിൽനിന്നു വിവരം ലഭിച്ചെന്ന കാരണം പറഞ്ഞായിരുന്നു കേസ്.
ഗ്രേഡ് എസ്ഐ കെ.കെ.മനോജ് വീട്ടിൽ നേരിട്ടെത്തിയാണു ബൈജുവിന്റെ മൊഴി രേഖപ്പെടുത്തിയതും കേസെടുത്തതും.
ചികിത്സയിൽ കഴിയുന്നതിനിടെ ബാബുവിനെ ചിങ്ങവനം സ്റ്റേഷനിലെ ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി വിളിച്ചയാൾ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നു കുടുംബം വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച ശേഷം കാലു തല്ലിയൊടിച്ച കേസിലെ പ്രതിയാണു ബൈജു.
ഈ കേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ചിങ്ങവനം എസ്ഐ വി.വി.വിഷ്ണു അറിയിച്ചു. സ്റ്റീൽ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവാവിന്റെ കരളിനു മുറിവേറ്റെങ്കിലും, നഖംവെട്ടി ഉപയോഗിച്ചാണ് ആക്രമണം എന്നായിരുന്നു അന്നു പൊലീസ് രേഖപ്പെടുത്തിയിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]