
കോട്ടയം ∙ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും കാൽ നൂറ്റാണ്ട് മുൻപ് ജനനം. 104 വർഷം ചെരിപ്പ് ഇടാതെയും സിനിമ കാണാതെയുംജീവിതം.
സ്വാതന്ത്ര്യത്തിലേക്കു നാടു വാതിൽ തുറന്നപ്പോൾ മുതൽ ഒരുമിച്ച് പിറന്നാൾ ആഘോഷം. ഓഗസ്റ്റ് 15നു പിറന്നാൾ ആഘോഷിക്കുന്ന ചുങ്കം മള്ളൂശേരി തൈക്കാട്ട് അന്നമ്മ ചാക്കോയെ പരിചയപ്പെടുന്നവർ മറക്കില്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ 79 –ാം പിറന്നാൾ ഇന്നലെ ആഘോഷിച്ചപ്പോൾ അന്നമ്മ 104 –ാം പിറന്നാൾ ആഘോഷിച്ച് 105 വയസ്സിലേക്ക് കടന്നു.
വല്യമ്മച്ചിയുടെ 2 പ്രധാന സവിശേഷതകൾ കൂടി അറിഞ്ഞാൽ ആരും കൈകൂപ്പും.
സിനിമ കണ്ടിട്ടില്ലാത്ത അന്നമ്മ 9 വർഷം മുൻപ് 96–ാം വയസ്സിൽ ഡോക്യുമെന്ററിയിൽ അഭിനയിച്ചു. ഇതിലെ അന്നമ്മയുടെ അഭിനയം കണ്ടിട്ടാണ് ന്യൂയോർക്ക് രാജ്യാന്തര ഫിലിം ഫെസ്റ്റിവെലേക്ക് ഡോക്യുമെന്ററിക്ക് ക്ഷണം കിട്ടിയത്.
100–ാം വയസ്സു വരെയും ഈർക്കിൽ കൊണ്ട് നന്നായി ചൂല് ഉണ്ടാക്കിയിരുന്നു. യുഎസിലും യുകെയിലും വീടുകളിൽ ഈ ചൂല് ബന്ധുക്കൾ വാങ്ങിക്കൊണ്ടുപോയിരുന്നു.
ബിസിനസുകാരനായ പയസ് സ്കറിയ പൊട്ടംകുളം 2016 ൽ നിർമിച്ചതാണ് തപാൽ സംവിധാനത്തിന്റെ കഥ പറയുന്ന ‘ചെമന്ന പെട്ടി’ ഡോക്യുമെന്ററി. ചുങ്കത്ത് താമസിച്ചിരുന്നപ്പോൾ അയൽപക്കത്തെ വീട്ടിലായിരുന്നു അന്നമ്മ.
അവരുടെ ചിരിയും നിഷ്കളങ്കതയും കണ്ടാണ് അഭിനയിപ്പിച്ചത്.ചട്ടയും മുണ്ടും കാതിനു മുകളിലെ കുണുക്കുമായി അമ്മച്ചി എത്തിയപ്പോൾ വേറെ ലൂക്കായെന്നു പയസ് സ്കറിയ പറഞ്ഞു.
ന്യൂയോർക്കിൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെടാൻ ഇവരുടെ അഭിനയമാണ് കാരണമായതെന്ന് അന്നു ജൂറി അംഗങ്ങൾ പറഞ്ഞതും അദ്ദേഹം ഓർമിച്ചു. ദേശീയ– രാജ്യാന്തര തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ ചെമന്ന പെട്ടിക്ക് ലഭിച്ചു.ഓല മെടയുന്നതിലും നല്ല പ്രാവീണ്യം ഉണ്ടായിരുന്നു അന്നമ്മയ്ക്ക്.
ചെങ്ങളം സ്വദേശി അന്നമ്മ 13–ാം വയസ്സിൽ ചാക്കോയുടെ കൈപിടിച്ച് മള്ളൂശേരിയിലെത്തിയതാണ്. ഭർത്താവ് ടി.കെ.ചാക്കോ 94–ാം വയസ്സിൽ അന്തരിച്ചു.ടി.സി.സണ്ണി, മാത്യു ജേക്കബ്, ടി.സി.തോമസ്, മോളി ജേക്കബ് എന്നിവരാണു മക്കൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]