
മുണ്ടക്കയം ∙ വനാതിർത്തി മേഖലയിൽ വന്യമൃഗശല്യം ശമനമില്ലാതെ തുടരുന്നു. കോരുത്തോട് പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ ആന നിത്യസന്ദർശകരാണ്.
വനാതിർത്തിയിലെ സുരക്ഷാ പദ്ധതികളുടെ നിർമാണം 2 മാസത്തിനകം പൂർത്തിയാകുമെന്നും പ്രതീക്ഷ.
ചക്ക തേടിഒറ്റയാൻ വീണ്ടും
കൊമ്പുകുത്തി മേഖലയുമായി വനം അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ആന ശല്യം വ്യാപകം. പള്ളിപ്പടിക്ക് ഒരു കിലോമീറ്റർ ദൂരത്തു വരെ ആന എത്തി.
ആദ്യം ചണ്ണപ്ലാവ് മേഖലകളിലായിരുന്നു ശല്യം. പിന്നീട് സമീപ പ്രദേശങ്ങളിലേക്ക് നീങ്ങി.
വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി ആനയെ വനത്തിനുള്ളിലേക്കു ഓടിച്ചെങ്കിലും വീണ്ടും വരുന്ന സ്ഥിതിയാണ്. ഒറ്റയാൻ ചക്കതേടി എത്തുന്നത് ജനവാസ മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തുന്നു.
ചെന്നാപ്പാറയിൽആനക്കൂട്ടം, പുലി
കുട്ടിയാന ഉൾപ്പെടെ 20 ആനകളുള്ള കൂട്ടം കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ചെന്നാപ്പാറ, കൊയ്നാട് മേഖലയിൽ റോന്ത് ചുറ്റുകയായിരുന്നു.
മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച കൊമ്പൻപാറ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തി. വളർത്തു മൃഗങ്ങളെ ആക്രമിച്ച പുലികളെ ഇവിടെ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതോടെ കൂട് സ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി.
സുരക്ഷാ പദ്ധതി:നിർമാണം നടക്കുന്നു
വനാതിർത്തിയിൽ സുരക്ഷ ഒരുക്കാൻ 7 കോടി 34 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനാതിർത്തികളിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.
എൺപത് ശതമാനത്തോളം നിർമാണം പൂർത്തിയായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കൊമ്പുകുത്തി കണ്ണാട്ടുകവലയിലെ കിടങ്ങ് നിർമാണവും അവസാന ഘട്ടത്തിലാണ്.
ഇരുമ്പ് തൂണുകളിൽ വള്ളികൾ പോലെ തൂങ്ങി കിടക്കുന്ന വേലികളാണു ഇപ്പോൾ സ്ഥാപിക്കുന്നത്. അടുത്ത മാസം അവസാനം പൂർത്തിയാകും.
പെരുമ്പാമ്പിനെ പിടികൂടി
അറുവച്ചാംകുഴി കാവുങ്കൽ കെ.സി.
ഏബ്രഹാമിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ പിടിച്ച പെരുമ്പാമ്പിനെ കണ്ട് വീട്ടുകാരാണ് വനം വകുപ്പിനെ അറിയിച്ചത്.
തുടർന്ന് റാന്നിയിൽനിന്ന് ആർആർടി സംഘം എത്തി പെരുമ്പാമ്പിനെ പിടികൂടി.
കാട്ടുപന്നിയെ വെടിവച്ചു കൊന്നു
ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. തോക്ക് ലൈസൻസ് ഉളള ചേനപ്പാടി സ്വദേശി സാം സെബാസ്റ്റ്യനാണ് പന്നിയെ വെടിവച്ചത്.
10 കിലോ തൂക്കം വരും. നാട്ടുകാരുടെ സാന്നിധ്യത്തിൽ വനം വകുപ്പിന്റെ നിർദേശം പാലിച്ച് പന്നിയെ കുഴിച്ചിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]