
പുതുപ്പള്ളി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. നിർദിഷ്ട
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സ്മാരകം നിർമിക്കാനുള്ള തീരുമാനം.
ഉമ്മൻ ചാണ്ടി എംഎൽഎയായിരുന്ന അവസരത്തിൽ 2017ൽ പുതുപ്പള്ളി ജംക്ഷനു സമീപമുള്ള പഞ്ചായത്ത് വക 75 സെന്റ് സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പണിയുന്നതിനു പണം അനുവദിച്ചിരുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് അനുവദിച്ചത്.
3 നില കെട്ടിടത്തിന്റെ തൂണുകൾ ഉൾപ്പെടെ അടിസ്ഥാന നിർമാണങ്ങൾ അന്നു പൂർത്തിയാക്കിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടം നിർമിക്കാനാണ് ഇപ്പോൾ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
നിർമാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. ഭരണാനുമതിക്കായി പൊതുമരാമത്ത് വകുപ്പിനു സമർപ്പിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തിന്റെ നിലവിലുള്ള ഓഫിസ് 50 വർഷം പഴക്കമുള്ളതും ജീർണാവസ്ഥയിലുമാണ്.
പുതുപ്പള്ളിയിലെ മറ്റു സർക്കാർ സ്ഥാപനങ്ങളായ സബ് റജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങി ഒട്ടേറെ ഓഫിസുകൾ ഇപ്പോൾ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം 23നു ഗ്രാമപ്പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാൾ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു.
ഈ സമയം ഉമ്മൻ ചാണ്ടിയെ മറന്നുവെന്ന് വ്യാപകമായി പ്രചാരണമുണ്ടായി. എന്നാൽ കമ്യൂണിറ്റി ഹാൾ ഉദ്ഘാടന വേളയിൽ മന്ത്രി എം.ബി.രാജേഷ് മിനി സിവിൽ സ്റ്റേഷൻ പൂർത്തീകരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാരും ഗ്രാമപ്പഞ്ചായത്തും ചേർന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂർത്തിയാക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]