
തെരുവുനായ്ക്കൾ കൊന്നത് മിനിയുടെ പ്രാണനെ; ഗർഭിണിയായ ആട് ഉൾപ്പെടെ അഞ്ച് ആടുകളെ കടിച്ചുകൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലറ ∙ മക്കളെപ്പോലെ പോറ്റിവളർത്തിയ ആടുകളെ തെരുവുനായ്ക്കൾ കൊന്ന ദുഃഖത്തിലാണ് മിനി. ഇനി എങ്ങനെ ജീവിക്കും എന്ന മിനിയുടെ കണ്ണീരിൽ കുതിർന്ന ചോദ്യത്തിനു മുൻപിൽ ആർക്കും ഉത്തരമില്ല. കല്ലറ പഞ്ചായത്ത് എട്ടാം വാർഡ് കാക്കനാട്ട് വീട്ടിൽ മിനിയുടെ ആടുകളെയാണ് തെരുവുനായ്ക്കൾ കൊന്നത്. ആടുകളെ വളർത്തി ഉപജീവനം കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ഗർഭിണിയായ ആട് ഉൾപ്പെടെ അഞ്ച് ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിനു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് മിനി എത്തിയപ്പോഴേക്കും ആടുകൾ ചത്തിരുന്നു. തെരുവുനായ്ക്കൾ മിനിയുടെ നേരെ തിരിഞ്ഞതോടെ ഇവർ പിൻവാങ്ങി. ഒന്നര ലീറ്റർ കറവയുള്ള ആടും പൂർണ ഗർഭിണിയായ ആടും മൂന്ന് ആട്ടിൻ കുട്ടികളുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തത്.
രോഗിയായ മിനി തനിച്ചാണ് താമസം. ആടുകളെ വളർത്തി പാൽ വിറ്റും തൊഴിലുറപ്പു ജോലി ചെയ്തുമാണ് മിനി കഴിഞ്ഞിരുന്നത്.ആടുകൾ ചത്തതോടെ വരുമാനം നിലച്ചു. മൃഗസംരക്ഷണ വകുപ്പും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. കല്ലറ പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കാൽനടയായി പോകുന്ന സ്കൂൾ വിദ്യാർഥികൾക്കു നേരെയും ഇരുചക്ര വാഹന യാത്രക്കാർക്കു നേരെയും തെരുവുനായ്ക്കൾ ഓടിയെത്തുന്നതും പരസ്പരം കടിപിടി കൂടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാണ്.