മാടപ്പള്ളി ∙ മന്ത്രിയിട്ട കല്ല് കാട് കയറി മൂടി.
പുതിയ പഞ്ചായത്ത് ഓഫിസിനും വാണിജ്യ സമുച്ചയത്തിനുമുള്ള കാത്തിരിപ്പ് രണ്ട് വർഷം പിന്നിട്ടു. 2023 നവംബർ 17നാണ് തെങ്ങണ ജംക്ഷനു സമീപം മാടപ്പള്ളി പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ പഞ്ചായത്ത് ഓഫിസ്, ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിനായി മന്ത്രി വി.എൻ.വാസവൻ കല്ലിട്ടത്.
3 നിലകളിലായി 20,000 ചതുരശ്രയടിയിൽ സമുച്ചയം നിർമിക്കുമെന്നായിരുന്നു പഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ വാഗ്ദാനം. 6 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്.
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ബഹു വർഷ പദ്ധതിയായി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. പഞ്ചായത്തിനു വരുമാനവും ലക്ഷ്യമിട്ടു.
കെട്ടിടം ഉയരുമോ ?
∙കെട്ടിടം നിർമിക്കാനുള്ള സ്ഥലം കരഭൂമിയായി അംഗീകരിച്ചു കിട്ടാനുള്ള താമസമാണ് പദ്ധതി മുന്നോട്ട് പോകാൻ തടസ്സമായത്.
ഒരേക്കർ എൺപത് സെന്റോളം വരുന്ന സ്ഥലം കഴിഞ്ഞ ദിവസമാണ് കരഭൂമിയായി തരംതിരിച്ച് ലഭിച്ചത്. ഇതോടെ തടസ്സം നീങ്ങി.
മുന്നോടിയായി വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളും തീർപ്പാക്കി. ഉടമകൾക്ക് നഷ്ടപരിഹാരവും നൽകി.
ഇനി സാങ്കേതിക അനുമതിയാണ് ലഭിക്കേണ്ടത്. തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഓഫിസിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്.
പദ്ധതി പൂർത്തിയാക്കും
∙‘ തെങ്ങണ ജംക്ഷനിൽ തന്നെ പുതിയ കെട്ടിടം നിർമിക്കും.
മുഴുവൻ സ്ഥലവും കരഭൂമിയായി ലഭിച്ചു. സാങ്കേതിക അനുമതിക്ക് വേണ്ട
നടപടികളാരംഭിച്ചു. പദ്ധതി വേഗത്തിൽ തന്നെ പൂർത്തിയാക്കും.’ – സുനിമോൾ ചാക്കോ, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്.
ഭൂമി തരം മാറ്റൽ പ്രശ്നം
∙‘ കെട്ടിടം നിർമിക്കുന്ന സ്ഥലം കരഭൂമിയാക്കാനുള്ള തടസ്സമാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നേരിട്ടത്.
ഇപ്പോൾ മുഴുവൻ സ്ഥലം കരഭൂമിയാക്കി ലഭിച്ചതോടെ തടസ്സങ്ങൾ നീങ്ങി. സ്ഥലവുമായി ബന്ധപ്പെട്ട
കേസുകൾ തീർത്ത് നഷ്ടപരിഹാരവും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൊടുത്തു തീർത്തിരുന്നു. 75 വർഷം മുന്നിൽ കണ്ടുള്ള കെട്ടിടമാണ് ആസൂത്രണം ചെയ്തത്.
നിലവിലെ പഞ്ചായത്ത് ഭരണസമിതി പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ’;- പി.എ.ബിൻസൺ (മാടപ്പള്ളി പഞ്ചായത്ത് മുൻ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ, പഞ്ചായത്ത് കെട്ടി നിർമാണ കമ്മിറ്റി മുൻ ചെയർമാൻ.)
തെങ്ങണയിൽ നിർമിക്കണം
∙മാടപ്പള്ളി പഞ്ചായത്ത് ഓഫിസ് സമുച്ചയം തെങ്ങണയിൽ തന്നെ നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. രണ്ടു കൊല്ലമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല.
പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷനായി.
സെക്രട്ടറി സി.കെ.അൻസാരി, സി.എ.റസാലി, കർമ സുരേഷ്, ഫ്രാൻസിസ്, സലാം തെങ്ങണ, രാഗം രാജേഷ്, പ്രാക്കുഴി ജോയ്, ബിജു ട്രിനിറ്റി, ടോമിച്ചൻ മുക്കട തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

