കോട്ടയം ∙ ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ എന്നീ പാസഞ്ചർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്ന് വൈകിട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി കൊണ്ടിരിക്കുകയാണ്.
വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ പാടുപെടുകയാണ്. വേണാടിന് മുൻപ് കോട്ടയം ഭാഗത്തേക്ക് ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
തൃപ്പൂണിത്തുറയിൽ നിന്ന് മിക്ക ട്രെയിനുകളും ഇപ്പോൾ പുറപ്പെടുന്നത് ചവിട്ടുപടി വരെ യാത്രക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞാണ്.
വൈകിട്ട് 03.50ന് എറണാകുളം ടൗണിൽ എത്തിച്ചേരുന്ന 56317 ഗുരുവായൂർ–എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിച്ചാൽ വൈകിട്ടത്തെ തിരക്കിന് ഒരുപരിധിവരെ പരിഹാരമാകും. എറണാകുളം ജംക്ഷനിലെ പ്ലാറ്റ്ഫോം ദൗർലഭ്യത്തിനും പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിലൂടെ പരിഹാരമാകും.
കോട്ടയത്ത് നിന്ന് വൈകിട്ട് 06.15 പുറപ്പെട്ടാൽ 56318 എറണാകുളം–ഗുരുവായൂർ പാസഞ്ചറിന്റെ ഷെഡ്യൂൾഡ് സമയമായ 07.48 ന് തന്നെ എറണാകുളം ടൗണിൽ എത്തിച്ചേരാൻ കഴിയും.
വൈകിട്ട് 05.20 ന് ശേഷം രാത്രി 09.45 ന് മാത്രമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള അടുത്ത സർവീസുള്ളത്. ജില്ലയിലെ വിവിധ ഓഫിസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
കോട്ടയം സ്റ്റേഷൻ വികസിപ്പിച്ചെങ്കിലും പുതുതായി ഇതുവരെ ഒരു സർവീസും പരിഗണിച്ചിട്ടില്ല. എറണാകുളത്ത് അവസാനിപ്പിക്കുന്ന ചില സർവീസുകൾ കോട്ടയത്തേക്ക് ദീർഘിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല.
56317/18 ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതോടെ ജില്ലയിലെ യാത്രാക്ലേശത്തിന് ആശ്വാസമാകുകയും കോട്ടയത്ത് നിന്ന് കൊല്ലത്തേക്കുള്ള 66315 മെമുവിന് കണക്ഷൻ ലഭിക്കുകയും ചെയ്യുന്നതോടെ തെക്കൻ ജില്ലയിലേക്കുള്ള യാത്രയും ഇതിലൂടെ സാധ്യമാകും.
റേക്ക് ഷെയറിൽ ചെറിയ മാറ്റം വരുത്തിയാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്ന ഈ സർവീസിനായി ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണെന്നും പാസഞ്ചർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]