
ഏറ്റുമാനൂർ∙ മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും റോഡിലെ വെള്ളക്കെട്ട് നീന്തിക്കടക്കേണ്ട അവസ്ഥയിലാണ് പേരൂർ പാഴൂർ പടി നിവാസികൾ.
നഗരസഭാ പരിധിയിലെ 14, 17 വാർഡുകൾ അതിർത്തി പങ്കിടുന്ന പേരൂർ, പാഴൂർ പടി – കാനാട്ട് റോഡിലാണു വെള്ളക്കെട്ട് നാട്ടുകാർക്കു തീരാദുരിതമായി മാറിയിരിക്കുന്നത്. പരമ്പരാഗതമായ നീർച്ചാൽ സ്വകാര്യ വ്യക്തി മതിൽ കെട്ടിയടച്ചതാണു വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറയുന്നു. 36 വീടുകളാണ് ഈ റോഡിനെ ആശ്രയിച്ചു കഴിയുന്നത്.
കൂടാതെ നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ദിനം പ്രതി കടന്നു പോകുന്നതും ഈ വഴിയിലൂടെയാണ്.
മഴക്കാലത്ത് 2 അടിക്കു മുകളിലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. അങ്കണവാടിയിലെ കുട്ടികളടക്കം ഈ വെള്ളക്കെട്ട് നീന്തിക്കടന്നു വേണം സ്കൂളിലെത്താൻ. ഇവിടെയുണ്ടായിരുന്ന പരമ്പരാഗതമായ നീർച്ചാൽ വഴിയാണു വർഷങ്ങളായി റോഡിലെ വെള്ളം ഒഴുകിപ്പോയിരുന്നത്.
ഒരു വർഷം മുൻപ് റോഡിന് സമീപത്തെ സ്ഥലമുടമ നീർച്ചാൽ അടച്ച് മതിൽ കെട്ടിയതാണു നാട്ടുകാർക്ക് ദുരിതമായത്. അന്ന് നഗരസഭാ അധികൃതർ ഇടപെട്ട് നീർച്ചാൽ അടയ്ക്കാൻ പാടില്ലെന്ന് അറിയിച്ചിരുന്നു.
ഇതനുസരിച്ച് വെള്ളം ഒഴുകി മാറാൻ മതിലിന് ഉള്ളിൽ പിവിസി പൈപ്പ് സ്ഥാപിച്ചിരുന്നു.
എന്നാൽ പിന്നീട് ഈ പൈപ്പ് അകത്തു നിന്ന് അടച്ചുവെന്നും ഇതോടെ റോഡ് വെള്ളത്തിലായെന്നും നാട്ടുകാർ പറയുന്നു.വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭയ്ക്കും കലക്ടർക്കും ഭീമ ഹർജി നൽകിയിരുന്നു. തുടർന്ന് നഗരസഭാധ്യക്ഷ, സെക്രട്ടറി, സ്ഥിര സമിതി അധ്യക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരമ്പരാഗത നീർച്ചാൽ കെട്ടിയടച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത് തുറക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സ്ഥലമുടമ അംഗീകരിച്ചില്ല. നഗരസഭ ഓട നിർമിച്ച് വെള്ളം ഒഴുക്കി വിടാൻ സംവിധാനം ഒരുക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇപ്പോൾ വെള്ളം കെട്ടി നിന്ന് റോഡിൽ കൊതുകും ഈച്ചയും പെറ്റു പെരുകുകയാണ്.
മഴയെത്തുമ്പോൾ കെട്ടി നിൽക്കുന്ന വെള്ളം സമീപവാസിയുടെ കിണറ്റിലേക്ക് ഒഴുകി ഇറങ്ങി കുടിവെള്ളവും മലിനമാകുകയാണ്. ഇതേസമയം വിഷയം നഗരസഭാ കൗൺസിൽ ചർച്ച ചെയ്യുകയും മതിൽ പൊളിച്ച് നീർച്ചാൽ തുറക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തിരുന്നുവെന്നു നഗരസഭാ അധികൃതർ പറയുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല.
ഇനിയും വെള്ളക്കെട്ടിനു പരിഹാരം ഉണ്ടായില്ലെങ്കിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ നിരാഹാര സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
“പരമ്പരാഗതമായ നീർച്ചാൽ അടയ്ക്കരുതെന്ന് സ്വകാര്യ വ്യക്തിക്ക് നഗരസഭ നിർദേശം നൽകിയിരുന്നു. അത് പാലിക്കപ്പെട്ടില്ല.
ഈ റോഡ് നവീകരിക്കാനും ഓട നിർമിക്കാനും നഗരസഭ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതു വരെയെങ്കിലും നീർച്ചാൽ തുറന്നു കൊടുക്കണമെന്ന് അഭ്യർഥിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.”
ജേക്കബ് പി.മാണി കൗൺസിലർ, 14–ാം വാർഡ്, ഏറ്റുമാനൂർ നഗരസഭ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]