
കാഞ്ഞിരപ്പള്ളി ∙ ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 2.10 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി ആയതായി ചീഫ് വിപ് എൻ.ജയരാജ് അറിയിച്ചു. 2023–24 വർഷം നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കു ആദ്യം പണം അനുവദിച്ചത്.
എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടം നിർമാണത്തിന് 2.41 കോടി രൂപ ആവശ്യമായി വരും. അതിനാൽ 31 ലക്ഷം രൂപ കൂടി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച് പുതുക്കിയ നിരക്കു പ്രകാരം പദ്ധതിക്കു ഭരണാനുമതിയും, സാങ്കേതികാനുമതിയും നേടാനുള്ള നടപടി ആരംഭിച്ചതായി ചീഫ് വിപ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് ഫയർസ്റ്റേഷനായി കണ്ടെത്തിയ 20 സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം നിർമിക്കാനാണു പദ്ധതി.
ഗാരിജ് കൂടാതെ ജീവനക്കാർക്കുള്ള താമസ സൗകര്യം, വിശ്രമമുറി എന്നിവയടക്കമുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും.1990ൽ ആരംഭിച്ച കാലം മുതൽ 35 വർഷമായി ഇടുങ്ങിയ വാടക കെട്ടിടത്തിലാണു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 44 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 15 മുതൽ 20 ഉദ്യോഗസ്ഥർ വരെയുണ്ടാകും.
ആകെ 1500ൽ താഴെ മാത്രം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഷനിൽ ഗാരിജ് കഴിഞ്ഞാൽ ഓഫിസും വിശ്രമമുറിയും, അടുക്കളയും സ്റ്റോറും, ശുചിമുറിയും മാത്രമാണുള്ളത്.
ഇടുങ്ങിയ വിശ്രമമുറിയിൽ പരമാവധി 5 പേർക്ക് കിടക്കാം. രാത്രി സമയങ്ങളിൽ ബാക്കിയുള്ളവർ വിശ്രമിക്കുന്നത് അടുക്കളയിലും, ഗാരിജിലുമാണ്.
ഫയർ സ്റ്റേഷനു സ്വന്തമായി സൗകര്യമുള്ള കെട്ടിടം എന്ന കാൽ നൂറ്റാണ്ടിലേറെയായുള്ള ആവശ്യത്തിനു പരിഹാരം കാണാനാണു കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ അതിർത്തിയിൽ മണ്ണാറക്കയം അമ്പലം ഭാഗത്തു ചിറക്കടവ് പഞ്ചായത്തിൽപെട്ട സ്ഥലം 2 വർഷം മുൻപ് കണ്ടെത്തിയത്.
മണിമല റോഡ് വികസനത്തിനു ആവശ്യമായ സ്ഥലം ഒഴിച്ചുള്ള 20 സെന്റ് റോഡ് പുറമ്പോക്കു ഭൂമിയാണു പൊതുമരാമത്ത് വകുപ്പ് വിട്ടു നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]