
മാഞ്ഞൂർ പഞ്ചായത്തിൽ കാർഷിക – അക്വാ ടൂറിസം സംരംഭം: റിപ്പോർട്ട് കൈമാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്തിൽ കേരളത്തിലെ ആദ്യ സംയോജിത ഗ്രാമീണ കാർഷിക – അക്വാ ടൂറിസം സംരംഭം ആരംഭിക്കാൻ പദ്ധതി വരുന്നു. പഞ്ചായത്തിനെ കേരളത്തിലെ ആദ്യ സുസ്ഥിര ടൂറിസം കേന്ദ്രമാക്കുന്നതിനു എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സംയോജിത ഗ്രാമീണ കാർഷിക –അക്വാ ടൂറിസം സംരംഭത്തിൽ നിന്നും 90 കോടി രൂപ വാർഷിക വരുമാനം പ്രതീക്ഷിക്കുന്ന രീതിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
വിയറ്റ്നാം, ജപ്പാൻ തായ്ലൻഡ് ചൈനീസ്, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ മാതൃക അനുസരിച്ചുള്ള ടൂറിസം പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ തോടുകൾ കടവുകൾ, പാടശേഖരങ്ങൾ, കാഞ്ഞിരത്താനം പുലിയള, കുഴിയഞ്ചാൽ ചാല്, വെള്ളാപ്പള്ളി താഴെ, സൂസന്ന പാലം, മങ്ങാച്ചിറ, പൂവാശേരി, മാഞ്ഞൂർ സൗത്ത്, മാക്കിയിൽ തുടങ്ങിയ പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം വിഭാഗം മേധാവി ടോണി കെ. തോമസ്, ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്.
വാട്ടർ ടൂറിസം പാർക്ക്, ഫ്ലോട്ടിങ് റസ്റ്ററന്റ് കനാൽ ടൂറിസം, അഗ്രി ടൂറിസം, സിപ് ലൈൻ പാർക്ക്, ഗ്രാമീണ ഭക്ഷണശാലയും ഷോപ്പിങ് തീം പാർക്കും, ചിൽഡ്രൻസ് പാർക്ക്, കാർഷിക പരിശീലന കളരികൾ, ബോട്ടിങ്, കണ്ടൽ കാടുകളും താമര പാടങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നിർദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിയാൽ പ്രത്യക്ഷമായും പരോക്ഷമായും 1500 ൽ അധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി മാഞ്ഞൂർ ടൂറിസം വികസന അതോറിറ്റി രൂപീകരിച്ചാകും പ്രവർത്തനം. ജനപ്രതിനിധികൾ, സമാന ചിന്താഗതിക്കാർ, ടൂറിസം രംഗത്തെ വിദഗ്ധർ, എം.ജി. യൂണിവേഴ്സിറ്റി ടൂറിസം വിഭാഗം എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തും. പദ്ധതി നടപ്പായാൽ കേരളത്തിലെ ആദ്യത്തെ പ്രിമിയർ സുസ്ഥിര ടൂറിസം കേന്ദ്രമായി മാഞ്ഞൂർ പഞ്ചായത്തിന് മാറാൻ കഴിയും
∙മാഞ്ഞൂർ പഞ്ചായത്തിലെ ഫാം ടൂറിസം പദ്ധതികൾക്കായി 46 ലക്ഷം രൂപ ഈ വർഷത്തെ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് തയാറാക്കിയ പദ്ധതി റിപ്പോർട്ട് പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ തലത്തിൽ ചർച്ചകൾ നടക്കുകയാണ്.കോമളവല്ലി രവീന്ദ്രൻ, പ്രസിഡന്റ്, മാഞ്ഞൂർ പഞ്ചായത്ത്.