കൊടുങ്ങൂർ ∙ വീടിന് ഭീഷണിയായി സ്കൂൾ മതിലിനോടു ചേർന്നുനിൽക്കുന്ന മരം മുറിക്കാനുള്ള ഫയൽ മൂന്നു വർഷമായി ജില്ലയിലെ സർക്കാർ ഓഫിസുകളിൽ കറങ്ങുന്നു. വാഴൂർ ഗവ.ഹൈസ്കൂളിന്റെ മതിലിൽ കൊടുങ്ങൂർ പുത്തൻപുരയ്ക്കൽ പി.എൻ.രാജപ്പന്റെ വീടിന് ഭീഷണിയായി നിൽക്കുന്ന 124 ഇഞ്ച് വണ്ണം വരുന്ന മഹാഗണി മരം മുറിച്ചുനീക്കാനുള്ള ഫയലാണ് ജില്ലാ ഉപ വിദ്യാഭ്യാസ ഓഫിസിലും ജില്ലാ പഞ്ചായത്തിലുമായി കയറിയിറങ്ങുന്നത്.
മരം വീടിന് ഭീഷണിയാണെന്നു കാണിച്ച് 2023 ഓഗസ്റ്റ് മാസത്തിലാണ് പി.എൻ.രാജപ്പൻ സ്കൂൾ അധികൃതർക്കും വാഴൂർ പഞ്ചായത്തിലും പരാതി നൽകിയത്. തുടർ നടപടി ഉണ്ടാകാതെ വന്നതോടെ 2023 ഡിസംബർ 13ന് പൊൻകുന്നത്ത് നടന്ന മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ വീണ്ടും പരാതി നൽകി.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു പരാതി തുടർ നടപടിക്കായി ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് അയച്ചു.
18.04.2024 സോഷ്യൽ ഫോറസ്ട്രി വിഭാഗം എത്തി അപകട ഭീഷണിയിൽ നിൽക്കുന്ന മഹാഗണി മരത്തിന് 1,21,362.55 രൂപ മൂല്യനിർണയം നടത്തി.
തുടർന്ന് സ്കൂൾ ഓഫിസിൽ വച്ച് 3 തവണ ലേലം ചെയ്തിട്ടും ആരും എത്താത്തതിനാൽ ക്ലോസ്ഡ് ക്വട്ടേഷൻ ക്ഷണിച്ചു. 55,555 രൂപയായിരുന്നു ലഭിച്ച ക്വട്ടേഷനിൽ കൂടിയ തുക.
ലഭിച്ചിരിക്കുന്ന കൂടിയ തുകയുടെ ക്വട്ടേഷനിൽ തുടർ നടപടികൾ ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽനിന്ന് 2025 ജനുവരി 14ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പലതവണ വിളിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, സോഷ്യൽ ഫോറസ്ട്രി വിഭാഗം തയാറാക്കിയ വിലയിലും കുറഞ്ഞ നിലയിലാണ് ക്വട്ടേഷൻ തുകയെങ്കിൽ മരം മുറിച്ചുമാറ്റാനുള്ള യുക്തമായ തീരുമാനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസാണ് എടുക്കേണ്ടതെന്നു ജില്ലാ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

