കോട്ടയം ∙ ഭക്തിഗാനങ്ങളെ ജനപ്രിയ സിനിമാഗാനങ്ങളെക്കാൾ പ്രശസ്തിയിലേക്ക് ഉയർത്തി നന്ദഗോവിന്ദം ഭജൻസ്. കോട്ടയം ജില്ലയിലെ നട്ടാശേരിയെന്ന ഗ്രാമത്തിൽനിന്ന് ആലാപനത്തിന്റെ ആകാശത്ത് കൃഷ്ണപ്പരുന്തിനെപ്പോലെ വട്ടമിട്ടു പറക്കുകയാണ് ഈ ഗായകസംഘം.
ഇവർ നേതൃത്വം നൽകുന്ന ഭജൻസിന് ജെൻ സീ മുഖം. ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ… ഞാൻ പാടും ഗീതത്തോടാണോ…’ എന്ന ഗാനമാണ് ഇവരോട് എല്ലായിടത്തും ഏറ്റവും കൂടുതൽ ആസ്വാദകർ ആവശ്യപ്പെടുന്നത്.
സോപാനസംഗീതം, സിനിമാപ്പാട്ടുകൾ, കഥകളി സംഗീതം, സാമ്പ്രദായിക ഭജൻസ് എന്നിവയുടെ സങ്കലനമാണ് ഇവരുടെ സംഗീതപരിപാടി. പാട്ടുകളുടെ ‘ആത്മാവ്’ നഷ്ടപ്പെടാതെയാണ് അവതരണം.
കർക്കടക ഭജനസംഘം
നട്ടാശേരിയിൽ 25 വർഷം മുൻപു രൂപംകൊണ്ട
കർക്കടക ഭജനസംഘമാണ് ഇന്നു കാണുന്ന നന്ദഗോവിന്ദം ഭജൻസിലേക്കു വളർന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും കർക്കടകമാസത്തിൽ സന്ധ്യയ്ക്കു ഭജന നടത്തിയിരുന്ന സംഘത്തിലെ മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കർക്ക് രോഗം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു.
പണിക്കർക്കു വേണ്ടി കർക്കടകം കഴിഞ്ഞും ഈ സംഘം ഭജന പരിപാടികൾ തുടർന്നു.
ചെറിയ വരുമാനത്തിൽനിന്ന് പണിക്കരുടെ ചികിത്സയ്ക്കു പണം കണ്ടെത്താനൊരു വഴിയും അദ്ദേഹത്തിനു സന്തോഷകരമായി സമയം ചെലവഴിക്കാനൊരു വേദിയും എന്നതായിരുന്നു കാഴ്ചപ്പാടെന്ന് ആദ്യം മുതൽ സംഘത്തെ നയിക്കുന്ന ഹരിരാജ് പറയുന്നു. രണ്ടു വർഷം മുൻപ് പണിക്കർ അന്തരിച്ചു.
പണിക്കരുടെ മകൻ ഉണ്ണിക്കൃഷ്ണൻ ഭജൻസിലെ പ്രധാന ഗായകനും മാനേജരുമാണ്.
നന്ദഗോവിന്ദം
2001 മുതൽ ശ്രീദുർഗ ഭജനസമിതി എന്ന പേരിലാണ് പ്രവർത്തിച്ചത്. ആറുമാനൂർ വടക്കനാട്ട് കൊട്ടാരത്തിൽ ശ്രീദുർഗ ഭഗവതിക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന്റെ വേദിയിൽ വച്ച് 2004ലാണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേരു സ്വീകരിക്കുന്നത്.
ഹരിരാജാണ് പേരിട്ടത്.ക്ഷേത്രങ്ങളിൽ ‘സാന്ദ്രാനന്ദം’ എന്ന പേരിലാണ് ഭജൻസ് അവതരിപ്പിക്കുന്നത്. മറ്റു പൊതുവേദികളിൽ ‘ഭജൻ കണക്ട്’ എന്നാണ് പേര്.
സർക്കാർ ഉദ്യോഗസ്ഥർ മുതൽ ഗൾഫിലും കാനഡയിലും ജോലി ചെയ്യുന്നവർ വരെ സംഘത്തിലുണ്ട്.
∙ ഗായകർ: ആർ.ഹരിരാജ്, നവീൻ മോഹൻ, ഇ.പി.ഉണ്ണിക്കൃഷ്ണൻ (മൂവരും ഇറഞ്ഞാൽ), പ്രവീൺ ആനന്ദ് (പാറമ്പുഴ), ശ്രീലാൽ വേണു (ളാക്കാട്ടൂർ), മനുമോഹൻ (പള്ളിക്കത്തോട്), അഭിജിത്ത് രാധാകൃഷ്ണൻ, ഹരികൃഷ്ണൻ (തിരുവഞ്ചൂർ), ഹരികൃഷ്ണൻ (മാന്നാർ). ∙ പിന്നണിയിൽ : വിഷ്ണു തിരുവഞ്ചൂർ (മൃദംഗം), ജയകൃഷ്ണൻ മീനടം, അഖിൽ കുമാരനല്ലൂർ (വയലിൻ), സിദ്ധാർഥ് ശങ്കർ തിരുവഞ്ചൂർ, ശ്രീദർശൻ തൃശൂർ (കീബോർഡ്), രാജേഷ് ജയൻ, തിരുവനന്തപുരം (ഹാർമോണിയം), വിപിൻ കൃഷ്ണ വൈക്കം (റിഥം പാഡ്), അപ്പു ശരവണ തിരുവഞ്ചൂർ (ഡോലക്).
‘അകാലത്തിൽ മകൻ മരിച്ച ഒറ്റപ്പാലത്തെ ഒരു വീട്ടമ്മ ദിവസവും 40 തവണയെങ്കിലും യൂട്യൂബിൽ കേൾക്കുന്ന ഒരു പാട്ടുണ്ട്: ‘കണ്ണാ നീയെന്നും കവർന്നെന്നോ തൂവെണ്ണ…’ ആ അമ്മയെ സങ്കടത്തിൽനിന്നു കരകയറ്റുന്നത് പാട്ടിലെ ഈ ഭാഗമാണെന്നറിഞ്ഞപ്പോൾ വല്ലാത്ത അനുഭവമായി തോന്നി.
ഞങ്ങളുടെ ഭജൻസ് കേൾക്കുമ്പോൾ നാട്ടിൻപുറത്തെ കുളവും അമ്പലവും ഒക്കെ ഓർമവരുമെന്ന് യുഎസിലുള്ള മലയാളിയായ മതപുരോഹിതൻ സന്ദേശമയച്ചതും ഓർമവരുന്നു.’
നവീൻ മോഹൻ, ഗായകൻ
‘ഭജൻസിൽ ഉള്ളവരിൽ മിക്കവരും 17–18 വർഷമായി ഒപ്പമുള്ളവരാണ്. ഗായകരിൽ ചിലർക്ക് ദുബായിലും കാനഡയിലും ജോലി കിട്ടിയെങ്കിലും കേരളത്തിലെ പ്രധാന വേദികളിൽ പരിപാടിക്കായി അവരും എത്താറുണ്ട്.
സംഘത്തിൽ എല്ലാവർക്കും ഒരേ തരത്തിലുള്ള ഡ്രസ് കോഡ് പാലിക്കാറുണ്ട്. നന്ദഗോവിന്ദം ഭജൻസ് മാതൃകയിലുള്ള വസ്ത്രങ്ങൾ ഇപ്പോൾ ഞങ്ങളുടെ കൗണ്ടറുകളിൽനിന്നു വാങ്ങാനും ആളുകൾ എത്തുന്നുണ്ട്.’
ആർ.ഹരിരാജ്, ഗായകൻ
‘നന്ദഗോവിന്ദം ഭജൻസിന്റെ പാട്ടുകൾ സംഗീത ചികിത്സയാണ്, സാന്ത്വനമാണ്.
ഇപ്പോൾ അധികനേരം ഇരിക്കാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയിൽപോലും ഇവരുടെ പാട്ടു കേട്ടാൽ സമയം പോകുന്നത് അറിയുകയേയില്ല. പുതിയകാലത്തിന് ഇണങ്ങുന്ന രീതിയിലാണ് അവതരണം.
ചെറുപ്പക്കാരെ ഭജനയിലേക്ക് അടുപ്പിക്കാൻ കഴിയുന്നുണ്ട്. കലിയുഗത്തിന് ഏറ്റവും ആവശ്യമായ കാര്യമാണ് ശുദ്ധമായ സംഗീതം.
നാടിനെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണ് ഇവർ നടത്തുന്നത്.’ കൈതപ്രം ദാമോദരൻ നമ്പൂതിരി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

