കടുത്തുരുത്തി∙ പഞ്ചായത്തിലെ എത്തക്കുഴി, കപിക്കാട് പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം. ഭക്ഷണം കഴിക്കാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയാതെ ജനം ബുദ്ധിമുട്ടിൽ .കടുത്തുരുത്തി പഞ്ചായത്ത് 12,13 വാർഡുകളിലാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്.
പ്രദേശത്തെ വീടുകളിലെ പച്ചക്കറികളും ചെടികളും കൃഷികളും ഇവ തിന്നു നശിപ്പിക്കുകയാണ്. റോഡരികിലും റോഡരികിലെ വീടുകളുടെ മതിലുകളിലും നൂറ് കണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്.
വീടുകളും മുറ്റത്തും കിണറുകളുടെ മതിലുകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ട്. ഇതുവരെ പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ഓടകളിലും റോഡരികുകളിലും ഒച്ച് ശല്യം വ്യാപകമാണ്.
കെട്ടിടത്തിന്റെ ഭിത്തികളിലും മറ്റും ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്. ഒച്ചുകളെ നശിപ്പിക്കാൻ ഉപ്പു പ്രയോഗം നടത്തുന്നുണ്ട്.
ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് അര കിലോമീറ്റർ ചുറ്റളവിൽ കോപ്പർ സൾഫേറ്റ് ( തുരിശ്) സ്പ്രേ ചെയ്യുന്ന പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറ്റു പ്രദേശങ്ങളിലേക്ക് ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ ഇത് മൂലം കഴിയും.
പ്രദേശത്ത് ഒരു മാസമായി ഒച്ചിന്റെ സാന്നിധ്യം ഉള്ളതായി പരാതിയുണ്ട്.
ആഫ്രിക്കൻ ഒച്ച് പെരുകുന്നത് കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് ( മെനിഞ്ചൈറ്റിസ് ) കാരണം ആവുകയും നാട്ടിൽ കൃഷി ചെയ്യുന്ന ഒട്ടുമിക്ക വിളകളുടെയും ഇല തിന്നു നശിപ്പിക്കുകയും ചെയ്യും.
ആഫ്രിക്കൻ ഒച്ച് ശല്യം പ്രതിരോധിക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണം. ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാനും പ്രതിരോധിക്കാനും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിൽ ഉള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]