എരുമേലി ∙ തീർഥാടന കാലത്ത് എരുമേലിയിലെ സേവന നിരക്കുകൾ വർധിപ്പിക്കാൻ നീക്കം. നിരക്കുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് ഹൈക്കോടതി സമീപിച്ചു.
നിരക്ക് ഏകീകരിക്കാൻ പാടില്ലെന്ന നിലപാടുമായി സ്വകാര്യ പാർക്കിങ് മൈതാന നടത്തിപ്പുകാർ രംഗത്ത്. പാർക്കിങ് മൈതാനങ്ങളിലെ നിരക്ക്, ശുചിമുറി ഉപയോഗ നിരക്ക് എന്നിവ അടക്കം എല്ലാ സേവന നിരക്കുകളും വർധിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യം.
ശുചിമുറി ഉപയോഗത്തിനു 10 രൂപ എന്നത് 15 രൂപ ആക്കണമെന്നാണ് ആവശ്യം. ബസ് പാർക്കിങ്ങിനു 100 രൂപ എന്നത് 125 രൂപ ആക്കണം.
ഈ പ്രകാരത്തിൽ എല്ലാ നിരക്കുകളും വർധിപ്പിക്കുന്നതിന് അനുമതി തേടിയാണ് ദേവസ്വം ബോർഡ് നീക്കം.
കോടതിയുടെ അനുമതി ലഭിച്ചാൽ ഈ നിരക്കു പ്രകാരമാകും ദേവസ്വം ബോർഡ് ഈ വർഷം ക്വട്ടേഷനുകൾ വിളിക്കുക. പാർക്കിങ് നിരക്കുകൾ ഏകീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് അധികൃതർ തീർഥാടന കാലത്തിനു മുൻപ് പാർക്കിങ് മൈതാനം ഉടമകളുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് നിരക്ക് വർധിപ്പിക്കുന്നതിന് അനുമതി തേടിയ വിവരം ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.
തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്വകാര്യ പാർക്കിങ് മൈതാനങ്ങളിൽ ഒരുക്കുന്നുണ്ടെന്നതിനാൽ അവിടങ്ങളിൽ ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനങ്ങളുടെ നിരക്ക് പ്രകാരം ഏകീകരണം പാടില്ലെന്ന് മൈതാനം ഉടമകൾ യോഗത്തിൽ ആവശ്യപ്പെട്ടു.
വീണ്ടും യോഗം വിളിക്കും
ദേവസ്വം ബോർഡിന്റെയും സ്വകാര്യ പാർക്കിങ് മൈതാനങ്ങളുടെയും നിരക്ക് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പെടുന്ന യോഗം ഉടൻ വിളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയും സെക്രട്ടറി മുഹമ്മദ് ഷാഫിയും അറിയിച്ചു. ഇപ്പോൾ നടന്ന യോഗത്തിലെ മൈതാനം ഉടമകളുടെ ആവശ്യങ്ങൾ കലക്ടർ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കും.
ദേവസ്വം ബോർഡിന്റെ നിലവിലുള്ള സേവന നിരക്കുകൾ (ഒരു ദിവസം)
∙ ഇരുചക്രവാഹനം– 10 രൂപ
∙ ഓട്ടോറിക്ഷ– 20 രൂപ
∙ കാർ– 30 രൂപ
∙ ജീപ്പ് (8 സീറ്റ്)– 40 രൂപ
∙ വാൻ (14 സീറ്റ്)– 50 രൂപ
∙ മിനി ബസ് (15–25 സീറ്റ്)– 75 രൂപ
∙ ബസ്– 100 രൂപ
മറ്റു സേവനങ്ങൾ
∙ ശുചിമുറി– 5 രൂപ
∙ കുളിമുറി– 10 രൂപ
പാർക്കിങ് മൈതാനങ്ങൾ ചൂഷണ കേന്ദ്രങ്ങൾ
ഇതരസംസ്ഥാന വാഹനയാത്രക്കാരെ ചൂഷണം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ് എരുമേലിയിലെ സ്വകാര്യ പാർക്കിങ് മൈതാനങ്ങൾ. അമിത തുക വാങ്ങുന്നത് ചോദ്യം ചെയ്യുന്നവരെ കയ്യേറ്റം ചെയ്യുന്ന സംഭവം എല്ലാ തീർഥാടന കാലത്തും പാർക്കിങ് മൈതാനങ്ങളിൽ നടക്കാറുണ്ട്.
ഇതിനെതിരെ കഴിഞ്ഞ വർഷം വിവിധ സംഘടനകൾ രംഗത്തു വരികയും ഇത്തരം പ്രവണതകൾ ചോദ്യം ചെയ്യുകയും ചൂഷണങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഒരു പരിധിവരെ ചൂഷണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു.
എന്നാൽ ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങളും സ്വകാര്യ പാർക്കിങ് മൈതാനങ്ങളും ഏറ്റെടുത്തു നടത്തുന്ന കരാറുകാർ അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി തോന്നുന്ന നിരക്കുകളാണ് ഈടാക്കുന്നത്.
ഇതര സംസ്ഥാനക്കാരായ ഡ്രൈവർമാർക്ക് പാർക്കിങ് മൈതാനത്തുനിന്ന് ഇറങ്ങുന്ന സമയത്താണ് അമിത തുക വാങ്ങുന്നത്. ആ സമയം കരാറുകാർ പറയുന്ന പണം പാർക്കിങ്ങിനു നൽകേണ്ടി വരാറുണ്ട്.
പലപ്പോഴും ഗുണ്ടകളെ പോലെ പെരുമാറുന്നവരെയാണ് കരാറുകാർ പാർക്കിങ് മൈതാനങ്ങളിൽ പണം പിരിക്കാനായി നിയോഗിക്കുന്നത്.
ഇവർ ഡ്രൈവർമാരെയും തീർഥാടകരെയും കായികമായി കൈകാര്യം ചെയ്യുന്നത് തീർഥാടന കാലത്തെ നിത്യ സംഭവമാണ്. പലപ്പോഴും ഇത്തരം പരാതികളിൽ അധികൃതർ ഗൗരവമായ നടപടികൾ സ്വീകരിക്കാറില്ല.
പരാതിക്കാർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ കേസ് റജിസ്റ്റർ ചെയ്താൽ സാക്ഷി പറയാനും തുടർനടപടികൾക്കും ഇവർ എത്തില്ല എന്നതാണ് അതിക്രമം കാണിക്കുന്നവരുടെ ധൈര്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]