സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ, ‘കലാ അഭ്യാസം’ വിഷയത്തിലെ ചോദ്യങ്ങൾ കുട്ടികൾക്ക് വലിയ പ്രതിസന്ധിയാകുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികൾ കർണാടക സംഗീതവും സിനിമയിലെ പ്രശസ്തമായ ഗാനരംഗങ്ങളും ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് ഉത്തരമെഴുതേണ്ടതുണ്ട്.
എന്നാൽ ഭൂരിപക്ഷം സ്കൂളുകളിലും കലാ അധ്യാപകർ ഇല്ലാത്തതിനാൽ പാഠപുസ്തകം പോലും തുറന്നുനോക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടില്ല. ഈ മാസം 13നാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
ഒൻപതാം ക്ലാസിലെ സിലബസിൽ ‘നഗുമോ ഓ മു ഗനലേ’ എന്ന കർണാടക സംഗീത ഗാനം, തില്ലാന, വർണം എന്നിവയ്ക്കൊപ്പം തിരക്കഥ, ചിത്രകല, നാടകം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ‘ചിത്രം’ സിനിമയിലെ ഗാനരംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുന്നു.
5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഒന്നാമത്തെയും രണ്ടാമത്തെയും അധ്യായങ്ങളിൽ നിന്നാണ് പരീക്ഷയ്ക്ക് ചോദ്യങ്ങളുള്ളത്. അതേസമയം പത്താം ക്ലാസിൽ കലാപുസ്തകം ഉണ്ടെങ്കിലും ഈ വിഷയത്തിന് പരീക്ഷയില്ല.
അധ്യാപകരുടെ രൂക്ഷമായ കുറവ്
സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലായി ഏകദേശം 30 ലക്ഷം വിദ്യാർഥികളുള്ളപ്പോൾ, ആകെ 1350 കലാ അധ്യാപകർ മാത്രമാണുള്ളത്. യുപി വിഭാഗത്തിൽ 88 ശതമാനം സ്കൂളുകളിലും ഹൈസ്കൂൾ വിഭാഗത്തിൽ 65 ശതമാനം സ്കൂളുകളിലും കലാ അധ്യാപകരുടെ സേവനം ലഭ്യമല്ല.
എട്ട്, ഒൻപത് ക്ലാസുകളിലായി ആകെ 5 ഡിവിഷനുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു കലാ അധ്യാപക തസ്തിക നിലനിൽക്കൂ. യുപി തലത്തിൽ ഈ തസ്തിക ലഭിക്കാൻ കുറഞ്ഞത് 500 കുട്ടികൾ വേണമെന്നതാണ് നിലവിലെ വ്യവസ്ഥ.
പാഠ്യപദ്ധതിയും വിവേചനവും
2015-2016 വർഷത്തെ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം ക്ലാസുകൾ ഏഴിൽ നിന്ന് എട്ട് പീരിയഡുകളായി ഉയർത്തിയിരുന്നു. ഇതിൽ എട്ടും ഒൻപതും ക്ലാസുകളിൽ കലാ പഠനത്തിന് രണ്ട് പീരിയഡുകളും പത്താം ക്ലാസിൽ ഒരു പീരിയഡും അനുവദിച്ചിരുന്നുവെങ്കിലും, അധ്യാപകരുടെ തസ്തിക നിർണയത്തിന് ഈ പീരിയഡുകൾ പരിഗണിക്കാറില്ല.
എൽപി സ്കൂൾ അധ്യാപകരുടെ അതേ ശമ്പള വേതനമാണ് യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് അധ്യാപകർക്കും നൽകുന്നത്. പിജി, എംഫിൽ, പിഎച്ച്ഡി, കെടെറ്റ്, നെറ്റ്, സെറ്റ് തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവരാണ് ഈ മേഖലയിലുള്ളത്.
എംഎൽഎമാർക്ക് നിവേദനം നൽകാൻ അധ്യാപക കൂട്ടായ്മ
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും കലാ അധ്യാപക തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് 140 എംഎൽഎമാർക്കും നിവേദനം നൽകാൻ അധ്യാപക കൂട്ടായ്മ തയാറെടുക്കുകയാണ്. പ്രധാന ആവശ്യങ്ങൾ:
1.
ആർട്സ് വിഷയങ്ങൾക്ക് അർഹതപ്പെട്ട പീരിയഡുകൾ കൃത്യമായി അനുവദിക്കുക.
2.
പ്രൈമറി ക്ലാസുകളിൽ മ്യൂസിക്, ഡ്രോയിങ് അധ്യാപക തസ്തികകൾ ഉറപ്പാക്കുക.
3. ആർട്സ് ഗ്രൂപ്പിന്റെ പീരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കാനായി മാറ്റിയെടുക്കുന്നത് ഒഴിവാക്കുക.
4.
കുട്ടികളുടെ എണ്ണം കുറയുന്നുവെന്ന കാരണത്താൽ അധ്യാപകർ വിരമിക്കുമ്പോൾ തസ്തിക നിർത്തലാക്കുന്ന രീതി അവസാനിപ്പിക്കുക.
5. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സിലബസ് പരിഷ്കരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

