
വൈക്കം ∙ പഴമയുടെ കാഴ്ചകൾ നിലനിർത്തി പുതുമോടിയണിഞ്ഞ് വൈക്കം ബോട്ടുജെട്ടി. വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകൾ അലയടിക്കുന്നതാണ് വൈക്കത്തെ പഴയ ബോട്ടു ജെട്ടിയി.
1925 മാർച്ചിൽ വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാൻ ജലമാർഗം എത്തിയ മഹാത്മാഗാന്ധി ഇവിടെയാണ് ബോട്ടിൽ നിന്നിറങ്ങിയത്. മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പഴയ ബോട്ടുജെട്ടി സംരക്ഷിച്ചു നിർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
മേജർ ഇറിഗേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.
പഴമ ഒട്ടും നഷ്ടപ്പെടാതെയാണ് നവീകരണം. നിലവിൽ തറയുടെ നിർമാണ ജോലികളാണ് നടക്കുന്നത്.
കായലിൽ വേലിയേറ്റസമയത്ത് വെള്ളം കയറാതിരിക്കാനായി തറ അൽപംകൂടി ഉയർത്തിയിട്ടുണ്ട്.പഴയ ബോട്ടു ജെട്ടിയുടെ മേൽക്കൂര ആഞ്ഞിലി മരത്തിന്റെ തടിയിലും ഭിത്തി തേക്കിന്റെ പലകകൾ കൊണ്ടുമാണ് നിർമിച്ചിരുന്നത്.മേൽക്കൂരയുടെ കഴുക്കോൽ കേടുവന്ന ഭാഗങ്ങൾ മാറ്റി ആഞ്ഞിലിയുടെ തടി കൊണ്ടുതന്നെ പുനർനിർമിച്ചു ഷീറ്റ് ഇട്ടു. ഭിത്തി തേക്കിന്റെ പലകകൾ ഉപയോഗിച്ച് നവീകരിക്കും.
നിലവിൽ മേൽക്കൂര നവീകരണവും, ഭിത്തി ബലപ്പെടുത്തി തേയ്ക്കുന്ന ജോലികളും പൂർത്തിയായി. നവീകരണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ തിരുവിതാംകൂറിന്റെ രാജമുദ്ര മിനുക്കി പുനഃസ്ഥാപിച്ചു.
2020ൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം നവീകരിച്ചിരുന്നു.
പഴയ ബോട്ടു ജെട്ടിയുടെ സമീപത്തായി പുതിയ കെട്ടിടം നിർമിച്ച് 2011 ഫെബ്രുവരി 11ന് പ്രവർത്തനം അങ്ങോട്ടു മാറ്റി. അവിടെനിന്നാണ് ഇപ്പോൾ തവണക്കടവിലേക്കു ബോട്ടുകൾ സർവീസ് നടത്തുന്നത്.പഴയ ബോട്ടുജെട്ടിയുടെ നവീകരണം 3മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]