ഏറ്റുമാനൂർ ∙ പ്രവേശനകവാടത്തിലും റിങ് റോഡിലും വൻ കുഴികൾ, ബസ് സ്റ്റാൻഡിനുള്ളിൽ വെള്ളക്കെട്ട്, തലയ്ക്ക് മീതെ അപകടക്കെണിയായി കൂറ്റൻ പാഴ്മരങ്ങൾ. ദിനം പ്രതി നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശോചനീയാവസ്ഥയിൽ.
പ്രവേശന കവാടത്തിൽ എംസി റോഡിനോട് ചേർന്ന് 4 അടി വീതിയിലാണ് റോഡ് തകർന്നിരിക്കുന്നത്.
ഇവിടെ അരയടിയോളം താഴ്ചയുള്ള കുഴികളാണ് ഉള്ളത്. മഴയെത്തിയതോടെ കുഴിയിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
ഈ കുഴിയിൽ ചാടുമ്പോൾ വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നത് നിത്യസംഭവമാണ്. കുഴി കടന്നു കൂടാൻ വാഹനങ്ങളെടുക്കുന്ന സമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള ലിങ്ക് റോഡിന്റെ അവസ്ഥയും മറിച്ചല്ല. ഇവിടെ കുഴികളിൽ വീണ് ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്.
കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. എന്നാൽ, രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി ഏറ്റുമാനൂരിലൂടെ കടന്നു പോകുന്നതിനെത്തുടർന്ന് മിന്നൽ വേഗത്തിൽ പൊതുമരാമത്ത് വകുപ്പ് എംസി റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു.
അന്ന് ബസ് സ്റ്റാൻഡിലെ കുഴികൾ കൂടി അടയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
കെഎസ്ആർടിസി അധികൃതരോട് പരാതി പറഞ്ഞാൽ ഫണ്ട് ഇല്ലെന്ന് സ്ഥിരം പല്ലവിയാണെന്നു നാട്ടുകാർ പറയുന്നു.
വർഷകാലത്ത് കുഴി രൂപപ്പെടുന്നത് പതിവാണ്. മുൻപു പരാതി പറഞ്ഞ് മടുത്ത് നാട്ടുകാർ തന്നെയാണ് കുഴികൾ മൂടിയിരുന്നത്.
സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന ഭാഗത്ത് തറ ഓടുകൾ പാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബസ് സ്റ്റാൻഡിൽ 5 കൂറ്റൻ കൂറ്റൻ പാഴ്മരങ്ങളാണ് യാത്രക്കാർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ഭീഷണിയായി നിൽക്കുന്നത്.
ഇവയുടെ ശിഖരങ്ങൾ വെട്ടി മാറ്റണമെന്ന ആവശ്യത്തിനും അധികൃതർക്ക് മറുപടിയില്ല.
നിർമാണത്തിലെ അശാസ്ത്രീയത മൂലം ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്.
നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. അതിനാൽ മഴക്കാലത്ത് പ്രദേശത്തെ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടെയാണ്.
ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]