പാലാ ∙ മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ രണ്ടുദിവസം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലെയും കുറ്റക്കാർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതോടെയാണ് സമരം ഒത്തുതീർപ്പിലെത്തിയത്. ഇന്നലെ വൈകിട്ട് ആർഡിഒ കെ.എം.ജോസുകുട്ടിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബസ് ഉടമകളും വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ഡിവൈഎസ്പി കെ.സദൻ, എസ്എച്ച്ഒ പ്രിൻസ് ജോസഫ്, തഹസിൽദാർ ലിറ്റിമോൾ തോമസ്, സിപിഎം നേതാക്കളായ ലാലിച്ചൻ ജോർജ്, സജേഷ് ശശി, പി.ആർ.വേണുഗോപാൽ, കെടിയുസി (എം) നേതാക്കളായ ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ, സ്വകാര്യ ബസ് ഉടമകളായ ഡാന്റീസ് അലക്സ്, കുട്ടിച്ചൻ കുഴിത്തോട്ട്, ബിഎംഎസ് നേതാവ് ശങ്കരൻകുട്ടി നിലപ്പന, ബിജെപി പ്രതിനിധി ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
‘സാമൂഹിക വിരുദ്ധരെ സംരക്ഷിക്കുന്നു’
പാലാ ∙ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിന്റെ മറവിൽ മോട്ടർ തൊഴിലാളി മേഖലയിലെ സാമൂഹിക വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയും ബിഎംഎസും നടത്തുന്നതെന്ന് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്, സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ.ആർ.വിഷ്ണു, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവി രാജേഷ് എന്നിവർ പറഞ്ഞു.
ബിഎംഎസ് പ്രകടനവും സമ്മേളനവും
പാലാ ∙ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.
പ്രകടനത്തിന് ബിഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.രാജീവ്, വൈസ് പ്രസിഡന്റ് ജോസ് ജോർജ്, ജോ.സെക്രട്ടറി കെ.ആർ.രതീഷ്, മേഖല സെക്രട്ടറി ആർ.ശങ്കരൻകുട്ടി നിലപ്പന, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത്ത് ജോർജ്, ബിജെപി മണ്ഡലം പ്രസിഡന്റ് ജി.അനീഷ്, ജില്ല സെക്രട്ടറി എൻ.കെ.ശശികുമാർ, വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, സംയുക്ത ബസ് തൊഴിലാളികളായ രാജേഷ് നന്ദൻ, ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി. ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ.എൻ.മോഹനൻ പ്രസംഗിച്ചു.
മർദിച്ചവരെ അറസ്റ്റ് ചെയ്യണം
പാലാ ∙ ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. സ്വകാര്യ ബസ് ജീവനക്കാരെ അകാരണമായി മർദിച്ചത് പ്രതിഷേധാർഹമാണെന്നും ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മാണി സി.കാപ്പൻ എംഎൽഎ. ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും പ്രൈവറ്റ് ബസ് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ആവശ്യപ്പെട്ടു.
പ്രസിഡന്റ് സന്തോഷ് മണർകാട്ട് അധ്യക്ഷത വഹിച്ചു.
മുൻപും കൺസഷൻ നിഷേധിച്ചു: വൈഷ്ണവി
പാലാ ∙ നാട്ടകം ഗവ.കോളജിൽ 3-ാം വർഷ ഡിഗ്രി വിദ്യാർഥിയായ തനിക്ക് മുൻപും ബസ് ജീവനക്കാർ കൺസഷൻ നിഷേധിച്ചിട്ടുണ്ടെന്നും അപമര്യാദയായി പെരുമാറുന്നത് പതിവാണെന്നും വൈഷ്ണവി രാജേഷ്. കൺസഷൻ രേഖകൾ ഉണ്ടായിട്ടും യാത്രാ ആനുകൂല്യം നിഷേധിക്കുകയാണ്.
ഇക്കഴിഞ്ഞ 3നു ഉണ്ടായ സംഭവത്തെ ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇക്കാര്യം വിളിച്ചറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ എസ്എഫ്ഐ നേതാക്കളെ ഇൗ ജീവനക്കാരനുൾപ്പെടെ ബസിലെ മറ്റു ജീവനക്കാർ ചേർന്ന് മർദിക്കുകയായിരുന്നു–വൈഷ്ണവി രാജേഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]