
ഗാന്ധിനഗർ∙ ഗൂഗിളിന്റെ സഹായത്തോടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി സംവിധാനം മനസ്സിലാക്കി കവർച്ച നടത്തുന്ന ഹൈടെക് മോഷ്ടാവിനെ ഗാന്ധിനഗർ പൊലീസ് പിടികൂടി. കൊല്ലം ഒയ്യൂർ അടയാറ നസീർ മൻസിൽ നവാസ് (45) ആണ് പിടിയിലായത്. കോട്ടയം എസ് എച്ച് മൗണ്ടിലുള്ള സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് 65,895 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ മേയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം.
3 മാസം മുൻപ് മോഷണ രംഗത്തേക്ക് ഇറങ്ങിയ നവാസ് സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വച്ചിരുന്നത്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തെ കുറിച്ച് ആദ്യം ഗൂഗിളിൽ തിരയുകയാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറയുന്നു.
തുടർന്ന് ഇവരുടെ സൈറ്റിൽ കയറി സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കും. ചിത്രങ്ങളിൽ നിന്നു നിരീക്ഷണ ക്യാമറകളുടെ സ്ഥാനങ്ങൾ കണ്ടെത്തും.
സിസിടിവി ക്യാമറകൾ നശിപ്പിക്കുകയോ ഹാർഡ് ഡിസ്ക് മോഷ്ടിക്കുകയോ ചെയ്യില്ല.
പകരം. മുഖം മറച്ചാണ് മോഷണത്തിന് എത്തുക.
എസ്എച്ച് മൗണ്ടിൽ ധനകാര്യ സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റിയാണ് അകത്തു കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്നു സമാനമായ കേസുകൾ പരിശോധിച്ച പൊലീസ് നവാസിന്റെ ശരീരഭാഷ മനസ്സിലാക്കുകയും മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയുമായിരുന്നു.
ഈ സമയം മറ്റൊരു കേസിൽ അകപ്പെട്ട് ആലപ്പുഴ പൊലീസിന്റെ പിടിയിലായ നവാസിന്റെ ചിത്രങ്ങൾ എസ്എച്ച് മൗണ്ടിലെ മോഷ്ടാവുമായി സാദൃശ്യമുണ്ടെന്നു കണ്ടെത്തി. തുടർന്നു ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
3 മാസത്തിനിടെ ആലപ്പുഴ (2), കൊല്ലം (1) ഗാന്ധിനഗർ (1) എന്നിങ്ങനെ 4 മോഷണങ്ങളാണ് പ്രതി നടത്തിയത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നുമാണ് ഗാന്ധിനഗർ പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]