
വെച്ചൂർ പഞ്ചായത്തിൽ കുടുംബ ക്ഷേത്രത്തിലും കടയിലും മോഷണം
വൈക്കം ∙ വെച്ചൂർ പഞ്ചായത്തിൽ കുടുംബ ക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലും പൂട്ടു തകർത്ത് മോഷണം. ഇടയാഴം – കല്ലറ റോഡിൽ വല്യാറ വളവിനു സമീപം ചമ്പിളിത്തറ ദാസന്റെ കടയിലും വല്യാറ കുടുംബ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്നുമാണു മോഷണം നടത്തിയത്.
കടയിൽ നിന്നു 3000 രൂപയും 3000 രൂപയുടെ സിഗരറ്റും മോഷണം പോയി. കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ആയിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മോഷണം നടന്നത്.
മോഷ്ടാക്കളുടെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ 2 മോഷ്ടാക്കൾ കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് കടയുടെ താഴ് തകർത്താണ് ഉള്ളിൽ കയറിയത്.
രണ്ടിടത്തും ഒരു വർഷം മുൻപും മോഷണം നടന്നിരുന്നു. അന്ന് 5000 രൂപയോളം നഷ്ടപ്പെട്ടിരുന്നു.
അതിനു ശേഷമാണ് കടയിൽ ക്യാമറ സ്ഥാപിച്ചത്. പ്രദേശത്തെക്കുറിച്ചു നന്നായി അറിയുന്നവരാണ് മോഷ്ടാക്കളെന്നാണ് കരുതുന്നത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]