
ജാഗ്രത… വൈക്കം ബീച്ച് റോഡിൽ ചാരുബെഞ്ചിനടിയിൽ 2 പെരുമ്പാമ്പുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ബീച്ച് റോഡിൽ പെരുമ്പാമ്പുശല്യം. വ്യാഴാഴ്ച രാത്രി എട്ടോടെ ബീച്ച് റോഡിലെ ചാരുബെഞ്ചിൽ കായൽക്കാറ്റ് ഏറ്റിരുന്ന യുവാവിന്റെ കാലിലൂടെ പെരുമ്പാമ്പ് കയറിയിറങ്ങി. കാലിൽ തണുപ്പ് അനുഭവപ്പെട്ട് മൊബൈൽ ഫോണിൽ നിന്നു വെളിച്ചം അടിച്ചു നോക്കിയപ്പോഴാണു പെരുമ്പാമ്പിനെ കണ്ടത്. പേടിച്ചുവിറച്ച യുവാവ് ചാടി രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നു പെരുമ്പാമ്പ് ഇഴഞ്ഞുപോകുന്നതു ശ്രദ്ധിച്ചുനിൽക്കുന്നതിനിടെ തൊട്ടടുത്ത ചാരു ബെഞ്ചിനടിയിൽ മറ്റൊരു പെരുമ്പാമ്പിനെ കണ്ടു.
കാഴ്ചക്കാർ കൂടിയതോടെ പൊട്ടിപ്പൊളിഞ്ഞ കരിങ്കൽഭിത്തിയുടെ ഉള്ളിലേക്കു കയറിപ്പോയി. ഏറെ നേരം നോക്കിനിന്നെങ്കിലും പിന്നീടു പാമ്പിനെ കണ്ടെത്താനായില്ല. വൈകുന്നേരങ്ങളിൽ കാഴ്ച കാണുന്നതിനും മറ്റുമായി ഒട്ടേറെ പേർ വന്നു പോകുന്ന സ്ഥലത്താണ് 2 പാമ്പിനെ കണ്ടത്. വേറെയും പാമ്പുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണു നാട്ടുകാർ.
സന്ധ്യ മയങ്ങിയാൽ ഈ ഭാഗത്തു വെളിച്ചം കുറവായതിനാൽ പെട്ടെന്നു പാമ്പിനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. കൂടാതെ പാതയോരങ്ങളുടെ വശങ്ങൾ കാടുകയറിയ നിലയിലാണ്. പാമ്പുശല്യം ഒഴിവാക്കാൻ കാടുകൾ നീക്കം ചെയ്തു മതിയായ വെളിച്ചം ഉറപ്പുവരുത്താൻ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണു ബീച്ച് സന്ദർശിക്കാൻ എത്തുന്നവരുടെ ആവശ്യം.