
പാലാ ∙ പാലാ-തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അന്നമോളെ നാളെ മാതാവ് ജോമോളെ അടക്കം ചെയ്ത കല്ലറയിൽ തന്നെ സംസ്കരിക്കും. പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ കല്ലറയിൽ 7ന് ആണ് ജോമോളെ അടക്കം ചെയ്തത്.
അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോളും (35) മകൾ അന്നമോളും 5നു രാവിലെ സ്കൂട്ടറിൽ പാലായിലുള്ള സ്കൂളിലേക്ക് വരുമ്പോഴായിരുന്നു അമിതവേഗത്തിലെത്തിയ കാർ ഇടിച്ചത്.
മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ. സന്തോഷിന്റെ ഭാര്യ ധന്യയും (38) മരിച്ചിരുന്നു.
എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ 2 സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകമകൾ അന്നമോളുടെ ജീവനെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പാലായിൽ മിനി വാൻ ഡ്രൈവറായ സുനിൽ.
എന്നാൽ 8നു വൈകിട്ട് അന്നമോളും നിത്യതയിലേക്കു യാത്രയായി. മകളെ സ്കൂളിലാക്കാൻ പോയ ജോമോളും മകൾ അന്നയും ഇനി ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് സുനിൽ.
അന്നമോളുടെ ചേതനയറ്റ ശരീരം നാളെ രാവിലെ 8.30നു സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് എത്തിക്കും.
സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്നമോൾ. പ്രവിത്താനം സ്കൂളിൽ 4 വരെ പഠിച്ച അന്നമോൾ അഞ്ചിലേക്കാണ് സെന്റ് മേരീസിലേക്ക് എത്തിയത്.
പ്രാർഥനകൾക്കുശേഷം അല്ലപ്പാറയിലെ വീട്ടിൽ എത്തിക്കും. തുടർന്നു പ്രവിത്താനം പള്ളി ഹാളിൽ പൊതുദർശനം.
12നു സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും.
ആ കണ്ണുകൾ വെളിച്ചമാകും
അന്നമോളുടെ കണ്ണുകൾ രണ്ടുപേർക്കു വെളിച്ചമേകും. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ കണ്ണുകൾ ദാനം ചെയ്യാൻ പിതാവ് സുനിലും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]