
കറുകച്ചാൽ ∙ മന്ത്രിയുടെ നിർദേശം ജീവനക്കാർ ‘പാലിച്ചു’. ബസുകൾ പാലിച്ചില്ല!!
ദേശീയ പണിമുടക്ക് ദിനത്തിൽ 49 ശതമാനം ജീവനക്കാർ കെഎസ്ആർടിസി ഡിപ്പോകളിൽ ഹാജരായി; എന്നാൽ ഓപ്പറേറ്റ് ചെയ്തതു 14 സർവീസുകൾ മാത്രം. 741 ജീവനക്കാരിൽ 365 പേർ ജോലിക്കെത്തിയെന്നാണു കണക്ക്.
കണ്ടക്ടർക്ക് പരുക്ക്
പാലായിൽ തിങ്കളാഴ്ച രാത്രി കോഴിക്കോടിനു പോയി തിരികെ വന്ന സൂപ്പർ ഫാസ്റ്റിനു മൂവാറ്റുപുഴ വെള്ളുക്കുന്നത്ത് വച്ച് സമരാനുകൂലികൾ കല്ലെറിഞ്ഞു.
മുൻവശത്തെ ചില്ല് തകർന്ന് എത്തിയ കല്ല് കൊണ്ടു കണ്ടക്ടറുടെ കണ്ണിന്റെ താഴെ പരുക്കേറ്റു. പാലാ ഡിപ്പോയിലെ കണ്ടക്ടർ ബി.ഷഹീർ (35)നാണ് പരുക്കേറ്റത്.
ബസ് തടഞ്ഞു
കുറവിലങ്ങാട് ടൗണിൽ പണിമുടക്ക് അനുകൂലികൾ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.
എംസി റോഡിൽ സർവീസ് നടത്തിയ രണ്ടു ദീർഘദൂര ബസുകളാണ് തടഞ്ഞത്. പൊലീസ് ഇടപെട്ടതിനെ ത്തുടർന്ന് ബസുകൾ യാത്ര തുടർന്നു.
ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ 3 ബസുകൾ സമരക്കാർ തടഞ്ഞു.
ഒരു മണിക്കൂറിനു ശേഷം വിട്ടയച്ചു.
ആളില്ലാതെ എന്ത് സർവീസ്
സാമൂഹിക മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും രാവിലെ മുതൽ കെഎസ്ആർടിസി ബസ് തടയുന്നതിന്റെയും അക്രമങ്ങളുടെയും വാർത്ത പ്രചരിച്ചതോടെ ഡിപ്പോകളിൽ എത്തിയ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ചങ്ങനാശേരി ഡിപ്പോയിൽനിന്ന് പുലർച്ചെ 4ന് പോകുന്ന കട്ടപ്പന – നെടുങ്കണ്ടം ബസ് മാത്രമാണ് പോയത്.
സമരക്കാർ എത്തുന്നതിന് മുൻപേ പോയതിനാൽ അവിടെയെത്താൻ പറ്റി. എന്നാൽ ഈ ബസ് നെടുങ്കണ്ടത്ത് തടഞ്ഞു.
കോട്ടയം ഡിപ്പോയിൽനിന്ന് 3 സർവീസുകളാണ് ഇന്നലെ നടത്തിയത്. തെങ്കാശിക്കു പോയ ബസ് അടൂരിൽ തടഞ്ഞിട്ടു.
എറണാകുളം, കമ്പംമെട്ട് സർവീസുകൾ നടന്നു.
14 സർവീസുകൾ ഇവ
പാലാ – 5, ചങ്ങനാശേരി –1, കോട്ടയം – 3, ഈരാറ്റുപേട്ട – 1, പൊൻകുന്നം – 3, എരുമേലി –1
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]