ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുമ്പോൾ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പില്ലാത്ത ഒരു കളിക്കാരൻ ലോകകപ്പ് അവസാനിക്കുമ്പോൾ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് എന്ന തിളക്കവുമായി നിൽക്കുന്നു. വീണുപോകാമായിരുന്ന സാഹചര്യങ്ങൾ ഒരുപിടിയുണ്ടായിട്ടും അതിനപ്പുറം ചിരിച്ചുകൊണ്ട് തന്റെ ലക്ഷ്യത്തിലേക്കു നടന്ന സഞ്ജു വി.സാംസൺ രാഷ്ട്രീയക്കാർക്ക് പ്രചോദനമാകുന്നതെങ്ങനെ? അപ്രതീക്ഷിത വാഴ്ചയുടെയും വീഴ്ചയുടെയും തട്ടകമായ രാഷ്ട്രീയത്തിൽ ഇതേ സാഹചര്യങ്ങൾ ഒട്ടേറെയുണ്ട്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കൾ പറയുന്നു–
എന്താണ് ആ സഞ്ജു മൊമന്റ്?
ആത്മവിശ്വാസം, ലക്ഷ്യബോധം, നിശ്ചയദാർഢ്യം എന്നീ ഗുണങ്ങളാണ് ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനഘടകങ്ങളെന്ന് തെളിയിക്കുകയാണ് സഞ്ജു.വി.സാംസൺ. ഇതിൽ ഏറ്റവും പ്രധാനം ആത്മവിശ്വാസമാണ്.
സഞ്ജുവിന്റെ കളിയിൽ ഉടനീളം പ്രതിഫലിച്ചതും അതാണ്. ആത്മവിശ്വാസമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന നെപ്പോളിയന്റെ ആപ്തവാക്യം ഓർമിപ്പിക്കുന്ന ജീവിതമാണ് സഞ്ജുവിന്റേത്.
”ആത്മവിശ്വാസം, ലക്ഷ്യബോധം, നിശ്ചയദാർഢ്യം എന്നീ ഗുണങ്ങളാണ് ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനഘടകങ്ങളെന്ന് തെളിയിക്കുകയാണ് സഞ്ജു വി.സാംസൺ.
ഇതിൽ ഏറ്റവും പ്രധാനം ആത്മവിശ്വാസമാണ്. സഞ്ജുവിന്റെ കളിയിൽ ഉടനീളം പ്രതിഫലിച്ചതും അതാണ്.
ആത്മവിശ്വാസമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന നെപ്പോളിയന്റെ ആപ്തവാക്യം ഓർമിപ്പിക്കുന്ന ജീവിതമാണ് സഞ്ജുവിന്റേത്.”
∙ മന്ത്രി വി.എൻ വാസവൻ
”ലോകകപ്പിൽ സഞ്ജു കാഴ്ചവച്ച പ്രകടനം നേതൃശൈലിയുടെ സമ്പൂർണമായ പാഠപുസ്തകമാണ്. ടീമിൽ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന ഘട്ടത്തിൽ പതറാതെ, അവസരങ്ങൾക്കായി സ്വയം പാകപ്പെടുത്തിയ സഞ്ജു ഒരേസമയം നേതൃഗുണവും ഉത്തരവാദിത്തവും പ്രകടിപ്പിച്ചു.
വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമിന്റെ വിജയത്തിനായി സ്വന്തം ശൈലിയിൽ മാറ്റം വരുത്താനും യുവതാരങ്ങൾക്ക് സമ്മർദമില്ലാതെ കളിക്കാൻ വഴിയൊരുക്കാനും അദ്ദേഹത്തിന് സാധിച്ചു. സഞ്ജുവിന്റെ ഈ ‘ലോകകപ്പ് ജീവിതം’ വരുംതലമുറയിലെ നേതാക്കൾക്ക് ക്ലാസ് മുറികളിൽനിന്ന് പഠിക്കാവുന്ന ഉത്തമമായൊരു പാഠ്യവിഷയമാണ്.”
∙ മന്ത്രി റോഷി അഗസ്റ്റിൻ
”സഞ്ജുവിന്റെ വിജയത്തിൽനിന്ന് എനിക്ക് തോന്നുന്നത് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാകണം എന്നാണ്.
ആ ലക്ഷ്യത്തിന് വേണ്ട കഠിനമായ പരിശ്രമം വേണം.
പൗലോ കൊയ്ലോയുടെ വാക്കുകൾ പോലെ ജീവിതത്തിൽ ഏതു സാഹചര്യത്തിലും നമുക്ക് സ്വീകരിക്കാവുന്ന ഒരു പ്രചോദനമാണ് ഇത്. ജീവിതയാത്രയിൽ പലയിടങ്ങളിൽനിന്നു മാറ്റി നിർത്തപ്പെടേണ്ടി വന്നേക്കാം.
എന്നാൽ ലക്ഷ്യം ശരിയാണെങ്കിൽ ഒപ്പം നിൽക്കാൻ ഒരു ലോകം തന്നെ കൂടെ കാണും. പക്ഷേ ലക്ഷ്യത്തിനൊപ്പം മാർഗവും പ്രധാനമാണ്.
മാർഗം ശരിയല്ലെങ്കിൽ ലക്ഷ്യം നേടിയാലും അത് ശാശ്വതമാകില്ല.”
∙ സി.കെ.ആശ എംഎൽഎ
”നിരന്തരമായ പരിശ്രമവും വിനയവും ഉണ്ടെങ്കിൽ ഏതു സാഹചര്യത്തിലും കരുത്തോടെ മുന്നേറാമെന്നതിന്റെ പുതിയൊരു ഉദാഹരണമാണ് എനിക്ക് സഞ്ജു സാംസൺ, താൽക്കാലിക ഏറ്റക്കുറച്ചിലുകൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത് ഏത് മേഖലയിലാണെങ്കിലും അവയെ നേരിടുക എന്നതാണ് പ്രധാനം.
പലതവണ പരാജയപ്പെട്ടിട്ടും ആത്യന്തികമായി വിജയം വരിച്ച റോബർട്ട് ബ്രൂസിന്റെ ചരിത്രം ഞങ്ങൾക്കൊക്കെ പ്രചോദനമായിരുന്നു. പുതുതലമുറയ്ക്ക് ഈ ക്രിക്കറ്റ് വിജയം നൽകുന്ന പാഠവും അങ്ങനെ തന്നെ.
അർഹമായത് ലഭിച്ചാൽ അധികമായി അത് പ്രയോജനപ്പെടുത്തിയേ പറ്റൂ.”
∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
”ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവും ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ സഹായിക്കുമെന്നതാണ് എന്റെ ജീവിതത്തിലെ സഞ്ജു മൊമന്റ്. ഞാൻ 3 പ്രാവശ്യം പരാജയപ്പെട്ട
ശേഷമാണു പാലായിൽ വിജയിച്ചത്. സഞ്ജുവിന്റെ അഭിമാനാർഹമായ നേട്ടവും അങ്ങനെ തന്നെ.
പരാതികളും പരിഭവങ്ങളുമില്ലാതെ കാത്തിരുന്നാൽ എന്തും സ്വന്തമാക്കാൻ കഴിയും. യുവതലമുറ സഞ്ജുവിനെ പാഠമാക്കണം.”
∙ മാണി സി.കാപ്പൻ എംഎൽഎ
”ഏതു മേഖലയിലും കഴിവുള്ള ഒരാളെ എക്കാലത്തും ആർക്കും മാറ്റി നിർത്താൻ പറ്റില്ല.
പല കാരണങ്ങളാൽ അൽപം വൈകിയേക്കാം. മാസ്റ്റർ ക്ലാസ് ബാറ്റർ എന്ന് മുതിർന്ന താരങ്ങൾ വരെ വിശേഷിപ്പിച്ച സഞ്ജു സാംസണ് 25–ാം വയസ്സിൽ തന്നെ ‘ഹീറോ’ ആകാനുള്ള കഴിവും യോഗ്യതയും ഉണ്ടായിരുന്നു.
പക്ഷേ ഒരു ഗോഡ്ഫാദർ ഇല്ലാതെ പോയതുകൊണ്ടാണ് അത് 31–ാം വയസ്സിൽ ആയത്. ആരൊക്കെ തടഞ്ഞാലും
മറച്ചുപിടിച്ചാലും കഴിവുള്ളവർ എല്ലാ പ്രതിബന്ധങ്ങളും തകർത്ത് ഒരുദിവസം വിജയിച്ചു നിൽക്കും.
ഇതു തന്നെയാണ് രാഷ്ട്രീയത്തിലും സംഭവിക്കുന്നത്.”
∙ അപു ജോൺ ജോസഫ്,
”കേരള കോൺഗ്രസ് ചീഫ് കോ ഓർഡിനേറ്റർ വ്യക്തിഗത നേട്ടങ്ങളിൽ ശ്രദ്ധിക്കാതെ ടീമിന്റെ വിജയത്തിന് പ്രയത്നിക്കുന്ന സഞ്ജുവിന്റെ ശൈലി ഏറെ ഇഷ്ടമായി. സ്ഥിരോത്സാഹം ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താമെന്ന് പുതുതലമുറയോട് ജീവിതം കൊണ്ട് പറയുകയാണ് സഞ്ജു.
ഗോഡ്ഫാദർ ഇല്ലെങ്കിലും പ്രതിഭ കൊണ്ട് മുന്നേറാമെന്നാണ് സഞ്ജു പറയാതെ പഠിപ്പിക്കുന്ന മറ്റൊരു പാഠം.”
∙ ജോസ്.കെ മാണി എംപി, ചെയർമാൻ, കേരള കോൺഗ്രസ്(എം)
”രാഷ്ട്രീയ ജീവിതത്തിൽ എനിക്കും ചില നിർണായക മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ‘രാഷ്ട്രീയത്തിന് ഞാൻ അനുയോജ്യനല്ല’ എന്ന് എതിരാളികൾ വിമർശിച്ചിരുന്ന കാലഘട്ടത്തിൽനിന്ന് മുന്നോട്ടുകുതിച്ചത് എന്റെ പരിശ്രമത്തിന്റെയും ജനങ്ങളുടെ വിശ്വാസത്തിന്റെയും ഫലമാണ്.
അതിനെ എന്റെ ജീവിതത്തിലെ ‘സഞ്ജു മൊമന്റ്’ എന്നു വിളിക്കാം;. 2000ൽ ആരംഭിച്ച എന്റെ രാഷ്ട്രീയ യാത്ര ഒട്ടേറെ വെല്ലുവിളികളിലൂടെ കടന്നുപോയതാണ്.
എതിരാളികൾ പലവിധത്തിൽ തളർത്താൻ ശ്രമിച്ചെങ്കിലും, അവയെല്ലാം കരുത്തായി മാറ്റിയാണ് മുന്നോട്ടുനടന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയെ യുഡിഎഫിനൊപ്പം ഉറച്ചുനിർത്താൻ കഴിഞ്ഞത് അതിന്റെ തെളിവാണ്.”
∙ ചാണ്ടി ഉമ്മൻ എംഎൽഎ
”നൈസർഗിക പ്രതിഭയുണ്ടെങ്കിൽ ഒരു ശക്തിക്കും ഒരാളെയും തടഞ്ഞുനിർത്താനാകില്ലെന്ന് സഞ്ജു തെളിയിച്ചു.
താൽക്കാലിക തിരിച്ചടികളെയും ബോധപൂർവമായ മാറ്റിനിർത്തലുകളെയും എതിരിടാനുള്ള കരുത്തും പ്രതിഭയുമാണ് തുണയാകുന്നത്. പരാജയങ്ങളിൽ നിരാശനാകാതിരിക്കാനും അഹങ്കരിക്കാതെ വിജയങ്ങളെ സ്വീകരിക്കാനും മകനെ പഠിപ്പിക്കണമെന്ന് പണ്ട് ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ അധ്യാപികയ്ക്ക് എഴുതി.
ആ വരികളാണ് സഞ്ജു ഓർമിപ്പിക്കുന്നത്.”
∙ ജെയ്ക് സി.തോമസ്, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം
”നമ്മുടെ ലക്ഷ്യം മാത്രം സ്വപ്നം കാണുക. അതിനായി പരിശ്രമിക്കുമ്പോൾ ചുറ്റുപാടുകൾ നമ്മളെ പുച്ഛത്തോടെ നോക്കാം, മറ്റുള്ളവരുമായി താരതമ്യപ്പെടുത്താം.
പക്ഷേ ലക്ഷ്യം മറക്കരുത്. സഞ്ജുവിന്റെ പാഠം എന്നോടും നമ്മളോടും പറയുന്നത് അതാണ്.
എത്തിനിൽക്കുന്ന അവസ്ഥയിൽ സന്തോഷിക്കുക എന്നതും പ്രധാനമാണ്. താരമായി വാഴ്ത്തുന്നതിനു തൊട്ടു മുൻപ് പുറത്തു നിൽക്കേണ്ടി വന്നപ്പോഴും സഞ്ജു ഒരു പരാതിയും പറഞ്ഞില്ല.
അതേ മാനസിക സ്ഥിതി രാഷ്ട്രീയക്കാർക്കും ബാധകമാണ്. ഇപ്പോൾ നിൽക്കുന്ന അവസ്ഥയിൽ സന്തോഷിക്കുന്നയാളാണ് ഞാൻ.
സ്വന്തം ജോലികൾ കൃത്യമായി ചെയ്യുക. നിങ്ങൾക്കുള്ള ഫലം ദൈവം തരും.”
∙ ഷോൺ ജോർജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
”ക്രിക്കറ്റായാലും രാഷ്ട്രീയമായാലും നമ്മെ തേടിയെത്തുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയോടെ നിർവഹിക്കുക എന്നതാണ് ശരി.
ഒരു വ്യക്തി രൂപപ്പെടാൻ പാർട്ടിക്ക് വലിയൊരു പങ്കുണ്ട്. എന്നെ രൂപപ്പെടുത്തിയത് എന്റെ പാർട്ടിയാണ് എന്ന ബോധ്യം ഉണ്ടെങ്കിൽ പാർട്ടി തീരുമാനങ്ങൾ എന്തായാലും അത് അംഗീകരിക്കുക എന്നതാണ് നല്ലത്.
അത് പുതിയ തലമുറ പിന്തുടരണം. തീരുമാനങ്ങൾ അംഗീകരിക്കുമ്പോൾ അംഗീകരിക്കുന്നയാൾ പാർട്ടിയുടെ ഒരു പൊതു സ്വത്തായി മാറും.
അങ്ങനെ ഉയർച്ചയിലും താഴ്ചയിലും കരുത്താർജിച്ച് മുൻപോട്ടുള്ള യാത്രയെ വിശാലമാക്കുകയാണ് വേണ്ടത്.”
∙ എൻ.ഹരി, ബിജെപി മേഖലാ പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

