പള്ളിക്കത്തോട് ∙ വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ ജനപ്രതിനിധികൾക്കു കഴിയണമെന്ന് പി.ടി.ഉഷ എംപി. ആദർശ ഗ്രാമം പദ്ധതിയുടെ ഭാഗമായി പള്ളിക്കത്തോട് പഞ്ചായത്തിൽ നടപ്പാക്കുന്ന 1.17 കോടി രൂപയുടെ വികസന പദ്ധതികളായ സ്മാർട്ട് അങ്കണവാടി, മിനി മസ്റ്റ് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റ്, അരുവിക്കുഴി ടർഫ്, എംസിഎഫ് എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി.
ജനങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യണം. സ്പോർട്സിൽ ഏറ്റവും ഇഷ്ടമുള്ളത് വേഗമേറിയ നൂറു മീറ്റർ ഓട്ടമാണ്.
അതിനാൽ ഒരു പ്രവൃത്തി തുടങ്ങിയാൽ അത് വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും എംപി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, സ്ഥിരസമിതി അംഗങ്ങളായ സനു ശങ്കർ, അശ്വതി സതീഷ്, പഞ്ചായത്ത് സെക്രട്ടറി മായ എം.നായർ, കുടുംബശ്രീ ചെയർപഴ്സൻ അനിത വിനോദ്, അസിസ്റ്റന്റ് എൻജിനീയർ സൗമ്യ റോസലിന്റ് ജോളി, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായ ലിബിൻ സുകുമാർ, മനു പള്ളിക്കത്തോട്, വ്യാപാരി നേതാക്കളായ ജോസ് വെള്ളാപ്പള്ളി, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ.കെ.എം.രാധാകൃഷ്ണൻ അനുസ്മരണവും നടത്തി.
പള്ളിക്കത്തോട് പ്രകാശപൂരിതമാകും
∙പഞ്ചായത്തിലെ പ്രധാന ഇടങ്ങൾ പ്രകാശപൂരിതമാകാൻപി.ടി.ഉഷ എംപിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിട്ട് ആറിടങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം കയ്യൂരി പമ്പ് കവലയിൽ എംപി നടത്തി.
ചല്ലോലികുളം, പാറത്താനം, ചപ്പാത്ത്, കുറുങ്കുടി, കവുങ്ങുംപാലം കവലകളിലാണ് ലൈറ്റ് സ്ഥാപിച്ചത്. കൂടാതെ പഞ്ചായത്തിലെ വിവിധ റോഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 60 ലക്ഷം രൂപയുടെ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നടത്തി.
അങ്കണവാടി സ്മാർട്ടാകും
∙ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സ്മാർട് അങ്കണവാടി പഞ്ചായത്തിലെ പുറത്തിട്ടയിൽ ഒരുങ്ങും.
തെക്കേത്തു രാജഗോപാൽ സൗജന്യമായി നൽകിയ 5സെന്റ് സ്ഥലത്ത് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഇതിനായി 42 ലക്ഷം രൂപയാണു എംപി അനുവദിച്ചത്.
രണ്ടു നിലകളിലായി നിർമിക്കുന്ന അങ്കണവാടിയിൽ സ്മാർട് ക്ലാസ് റൂമുകൾ, കുട്ടികൾക്കുള്ള കളിയിടം, ശുചിമുറി എന്നിവയുണ്ടാകും. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കളികളാണ് അങ്കണവാടിയിൽ ഒരുക്കുക.
കൂടാതെ കുട്ടികളുടെ അഭിരുചികൾ ചെറുപ്രായത്തിൽ തന്നെ അറിയാനുള്ള സൗകര്യങ്ങളും വൈഫൈയും ഒരുക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിന് സമീപം നിർമിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്കുള്ള ടർഫ് നിർമാണം, എംസിഎഫ് എന്നിവയുടെ ഉദ്ഘാടനവും എംപി നിർവഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]