
പാലാ ∙ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങൾക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ, ഫയർ എൻഒസി എന്നിവ ഇല്ലെന്ന് നഗരസഭാ കൗൺസിലിൽ അധികൃതർ വെളിപ്പെടുത്തിയതോടെ പ്രതിപക്ഷം വോക്കൗട്ട് നടത്തി.
പ്രതിപക്ഷ കൗൺസിലർ സിജി ടോണി രേഖാമൂലം നൽകിയ ചോദ്യങ്ങൾക്കു മറുപടിയായാണ് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിൽ കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായതൊന്നും ഇല്ലെന്ന് വെളിപ്പെടുത്തിയത്.
2019-20ൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തനാനുമതി നൽകുകയായിരുന്നുവെന്ന് കൗൺസിലിൽ അധ്യക്ഷത വഹിച്ച നഗരസഭാ ഉപാധ്യക്ഷ ബിജി ജോജോ പറഞ്ഞു. എന്നാൽ, കോവിഡിനുശേഷം 3 വർഷം കഴിഞ്ഞിട്ടും ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തത് ഭരണസമിതിയുടെ ഗുരുതര കൃത്യവിലോപമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
കെട്ടിട നമ്പറും ഫയർ എൻഒസിയും ഇല്ലെന്നത് സാങ്കേതികമായ വീഴ്ചയല്ലെന്നും ഭീകരമായ സുരക്ഷാ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി പറഞ്ഞു.
ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് സർക്കാർ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തിയിട്ടും നഗരസഭാധികൃതരുടെയും ഭരണസമിതിയുടെയും നിസംഗത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ഭരണസമിതിക്കു ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ തെറ്റുതിരുത്തി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാരായ സിജി ടോണി, ജോസ് എടേട്ട്, ജിമ്മി ജോസഫ്, വി.സി.പ്രിൻസ്, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുൽ എന്നിവർ പറഞ്ഞു.
ജനറൽ ആശുപത്രിയിൽ നടന്നിട്ടുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ധാർമികമായി അധികാരത്തിൽ തുടരാനുള്ള അവകാശം ഭരണസമിതിക്ക് നഷ്ടമായെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നത് ഇലക്ട്രിക്കൽ കൺട്രോൾ റൂമുകൾക്കും ബാറ്ററികൾക്കും സമീപമാണെന്ന് ഉൾപ്പെടെ ഒട്ടേറെ അപാകതകൾ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിട്ടും തെറ്റുതിരുത്തൽ നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ലെന്നത് രോഗികളോടുള്ള വെല്ലുവിളിയാണെന്നും യോഗം ആരോപിച്ചു.
‘തുറന്നത് അടിയന്തര സാഹചര്യത്തിൽ’
ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾക്ക് കെട്ടിട
നമ്പർ നൽകിയിട്ടുണ്ടെന്നും എന്നാൽ, പുതുതായി നിർമിച്ച കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നതെന്നും നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ, ഉപാധ്യക്ഷ ബിജി ജോജോ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ജോസിൻ ബിനോ, ആന്റോ പടിഞ്ഞാറേക്കര എന്നിവർ പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്ന പ്ലാനുകൾ അവർ സർട്ടിഫൈ ചെയ്ത് നഗരസഭയിൽ സമർപ്പിക്കുമ്പോൾ പരിശോധിച്ച് നഗരസഭ നമ്പർ ഇട്ടു നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ, പുതിയ കെട്ടിടങ്ങൾ 2019ൽ കോവിഡ് സാഹചര്യം പരിഗണിച്ച് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തുറന്നു കൊടുക്കുകയാണ് ചെയ്തത്. രോഗികളുടെ സുരക്ഷിതത്വവും സൗകര്യവും ഒരുക്കിയാണ് ഇത് തുറന്നുകൊടുത്തത്.
നഗരസഭ 4 കോടിയിലേറെ രൂപ ആശുപത്രിയുടെ വികസനത്തിനും മറ്റുമായി ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്. പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുമ്പോൾ ജനറൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ആശുപത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നാടകമാണെന്നും ഭരണപക്ഷം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]