
മുണ്ടക്കയം നഗരമധ്യത്തിലെ കെട്ടിടത്തിൽ വൻ തീപിടിത്തം
മുണ്ടക്കയം∙ നഗരമധ്യത്തിൽ ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടമില്ല.
തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. ഇന്നലെ രാത്രി ഏഴോടെ കോസ്വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിലായിരുന്നു തീപിടിത്തം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ പുക ഉയരുന്നതു കണ്ടതായി സമീപത്തുള്ള വ്യാപാരികൾ പറയുന്നു.
പ്ലാസ്റ്റിക് സാധനങ്ങളിൽ തീ ആളിപ്പടർന്നതിനാൽ വലിയ പുകയും പ്രദേശത്ത് വ്യാപിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു.
പ്ലാസ്റ്റിക് ശേഖരണത്തിന്റെ പകുതിയോളം കത്തിനശിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. പഞ്ചായത്തിന്റെ മാർക്കറ്റ് കെട്ടിടത്തിന്റെ മുകളിലായി മിനി ഓഡിറ്റോറിയം എന്ന പേരിലായിരുന്നു രണ്ടാം നിലയിൽ നിർമാണം നടത്തിയിരുന്നത്.
എന്നാൽ പിന്നീട് അത് ഹരിതകർമസേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലമായി മാറി. കോവിഡ് കാലത്ത് ആശുപത്രികളിലേക്കു വാങ്ങിയ കിടക്കകളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
വലിയ ഹാളിനുള്ളിൽ പൂർണമായും പ്ലാസ്റ്റിക് കെട്ടുകൾ അടുക്കിയ നിലയിലാണ്. തീ പടർന്നതിൽ ദുരൂഹത
തീപിടിത്തം ഉണ്ടായ രണ്ടാം നില വൈദ്യുതീകരിച്ചതല്ല.
അതുകൊണ്ടുതന്നെ സ്വാഭാവികമായി തീ പടരാൻ സാധ്യതയില്ല. ഞായർ അവധി ദിവസമായതിനാൽ തറ നിലയിലുള്ള വ്യാപാരസ്ഥാപനങ്ങൾ തുറക്കാറില്ല.
രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി പറയപ്പെടുന്നു. രണ്ടാം നിലയുടെ വരാന്തയിൽ വരെ ആളുകൾക്ക് എത്താൻ കഴിയും.
അതുകൊണ്ടുതന്നെ മനഃപൂർവം സൃഷ്ടിക്കപ്പെട്ട തീപിടിത്തം ആകാനാണ് സാധ്യത എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]