2020ൽ എരുമേലി ചെമ്പകപ്പാറയിൽ പഞ്ചായത്ത് നിർമിച്ച വയോജനമന്ദിരങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്ന് പഞ്ചായത്ത് ഓഫിസിൽ ഒരു അപേക്ഷ ലഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ അതിദരിദ്ര വിഭാഗത്തിലെ ആദ്യ റേഷൻ കാർഡ് ഉടമയായ ഇരുമ്പൂന്നിക്കര സ്വദേശിയായ 81 വയസ്സുകാരനായിരുന്നു അപേക്ഷകൻ.
കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന അനാഥനായ തനിക്ക് വയോജന മന്ദിരത്തിൽ താമസിക്കാനുള്ള അനുമതി ലഭ്യമാക്കണം എന്നതായിരുന്നു അപേക്ഷയിലെ ആവശ്യം.
ജീവനക്കാരെ നിയമിച്ചതിനു ശേഷം അറിയിക്കാം എന്നു പറഞ്ഞ് അപേക്ഷകനെ തിരിച്ചയച്ചു. പിന്നീട് പല തവണ ഇദ്ദേഹം തീരുമാനമായോ എന്നന്വേഷിച്ച് പഞ്ചായത്തിലെത്തി.
എന്നാൽ തയാറാകുമ്പോൾ അറിയിക്കാം എന്നു പറഞ്ഞ് ഓരോ തവണയും ഇദ്ദേഹത്തെ തിരിച്ചയച്ചു. 3 വർഷത്തിനു ശേഷം കടത്തിണ്ണയിൽ തന്നെ കിടന്ന് അദ്ദേഹം മരിച്ചു. അനാഥർക്കും അന്തിയുറങ്ങാൻ വീടില്ലാത്ത വയോജനങ്ങൾക്കും വേണ്ടി നിർമിച്ച് ഉദ്ഘാടനം നടത്തിയ വയോജന കേന്ദ്രം ഒരു ദിവസം പോലും പ്രവർത്തിക്കാതെ അനാസ്ഥയുടെ പ്രതീകമായി ഇപ്പോഴും നിലകൊള്ളുകയാണ്.
പദ്ധതി ഇങ്ങനെ
സംസ്ഥാനത്ത് ത്രിതല പഞ്ചായത്തിൽ ആദ്യത്തെ വയോജന മന്ദിരം പദ്ധതിയായിരുന്നു എരുമേലി പഞ്ചായത്തിലേത്.
ജനകീയാസൂത്രണം 2019–20 വർഷം പഞ്ചായത്ത് ഫണ്ടും ലോക ബാങ്ക് ഫണ്ടും കൊണ്ടാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ചെമ്പകപ്പാറയിൽ 2 വയോജന മന്ദിരങ്ങൾ നിർമിച്ച് ഉദ്ഘാടനം ചെയ്തത്. ഒരു വളപ്പിൽ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച മന്ദിരങ്ങളിൽ 20 സ്ത്രീകൾക്കും 20 പുരുഷന്മാർക്കും താമസിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു.
ഇവിടേക്ക് ആവശ്യമായ ഫർണിച്ചറും കിടക്കകളും അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി. എന്നാൽ എൽഡിഫും യുഡിഎഫും മാറിമാറി ഭരിച്ചെങ്കിലും ഇതു തുറന്നു പ്രവർത്തിപ്പിക്കാൻ ഇതുവരെ തയാറായിട്ടില്ല.
പ്രയോജനങ്ങൾ
എരുമേലി നഗരത്തിൽ മാത്രം പത്തിലേറെ വയോജനങ്ങൾ രാത്രി കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നുണ്ട്.
ഇതിൽ തന്നെ വിവിധ രോഗങ്ങൾ ഉള്ളവരുമുണ്ട്. ഈ വയോജന മന്ദിരം തുറന്നിരുന്നെങ്കിൽ ഇവർക്ക് തല ചായ്ക്കാൻ ഒരിടം ലഭിക്കുമായിരുന്നു.
ഡോക്ടർ, നഴ്സ്, 5 ജീവനക്കാർ എന്നിവരെ ഇതിന്റെ പ്രവർത്തനത്തിനു വേണ്ടി നിയോഗിക്കാമായിരുന്നു. ഇത്രയും പേർക്കുള്ള തൊഴിൽ അവസരവും നഷ്ടമായി.
എരുമേലി പഞ്ചായത്തിൽ നിന്ന് ആശ്രയത്തിന് ആരുമില്ലാത്ത അനേകം പേരെയാണ് വിവിധ ജില്ലകളിലെ അനാഥാലയങ്ങളിൽ പാർപ്പിച്ചിട്ടുളളത്. വയോജന കേന്ദ്രം തുറന്നിരുന്നെങ്കിൽ ഇവരെ ഇവിടെ പാർപ്പിക്കാൻ കഴിയുമായിരുന്നു.
നഷ്ടമായത്
2003ൽ ആയുർവേദ താലൂക്ക് ആശുപത്രിക്കു വേണ്ടിയാണ് കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചെമ്പകപ്പാറയിൽ 50 സെന്റ് സ്ഥലം വാങ്ങിയത്.
ഇവിടെ ആശുപത്രി നിർമിക്കാൻ അനുമതിയും ലഭിച്ചു.
എന്നാൽ ഈ സ്ഥലത്ത് വയോജന മന്ദിരങ്ങളും ഷീ ലോഡ്ജും നിർമിച്ചതോടെ ആയുർവേദ ആശുപത്രി തുടങ്ങാൻ കഴിഞ്ഞില്ല. ഇതോടെ താലൂക്ക് അയുർവേദ ആശുപത്രി എന്ന സ്വപ്നം പൊലിഞ്ഞു.
നാളെ
എരുമേലിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയും വികസനത്തിന്റെ ചൂളം വിളി ഉയരേണ്ട
ശബരി റയിൽവേയും എവിടെ വരെ എത്തി…? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

