മണർകാട് ∙ മിഴിനീരോടെ പ്രാർഥനകൾ ഉരുവിട്ടുനിന്ന വിശ്വാസിസഹസ്രങ്ങൾക്കു ദർശനസൗഭാഗ്യമായി മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട തുറന്നു.
‘നിന്നാൾ സ്തുതിയൊടു രാജമകൾ’ എന്ന മധ്യസ്ഥപ്രാർഥനയെ തുടർന്നു മദ്ബഹയിലെ വിരി നീങ്ങിയതോടെ, പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിച്ച് വിശ്വാസികൾ പ്രാർഥനയിൽ അലിഞ്ഞു.പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കു ശേഷമായിരുന്നു നടതുറക്കൽ. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
എട്ടുനോമ്പ് പെരുന്നാൾ ഇന്നു സമാപിക്കും.
14നു നട അടയ്ക്കും.
ദീപാലങ്കാരങ്ങൾ 14 വരെ തുടരും. കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്രയിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു.
പകുതിയായി മുറിച്ച തേങ്ങയെടുത്ത് അതിൽ നെയ്യും എണ്ണയും ഒഴിച്ച് തിരിയിട്ട് കത്തിച്ച് ജോയിന്റ് കൺവീനർക്കു നൽകിയതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30നു പന്തിരുനാഴി ഘോഷയാത്രയ്ക്കു പള്ളിയിൽ തുടക്കമായത്.
മണർകാട് പള്ളി മനുഷ്യരുടെ കൂടിവരവിന്റെ പ്രതീകം: ശ്രേഷ്ഠ ബാവാ
നാനാജാതി മതസ്ഥരായ, നന്മയുള്ള മനുഷ്യസമൂഹത്തിന്റെ ഒത്തുചേരലിന്റെയും കൂടിവരവിന്റെയും പ്രതീകമാണു മണർകാട് പള്ളിയെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനത്തിൽ മൂന്നിന്മേൽ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവാ.
കരുതലിന്റെ അനുഭവമാണു പരിശുദ്ധ അമ്മയുടെ മധ്യസ്ഥത. കുടുംബാന്തരീക്ഷം കലുഷിതമാകുന്ന കാലത്തു പരിശുദ്ധ ദൈവമാതാവിനെ കുടുംബത്തിലേക്കു കൂട്ടിക്കൊണ്ടു ചെല്ലണം.
അവിടെ ക്രിസ്തുവും ഉണ്ടാകും. ഇല്ലായ്മകൾ തിരിച്ചറിയാനുള്ള ദൈവികജ്ഞാനത്തിനായി പ്രാർഥിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]