
ചങ്ങനാശേരി ∙ ആംബുലൻസ് ഡ്രൈവറായ അഭിലാഷിന് ജീവൻരക്ഷാപ്രവർത്തനത്തിന്റെ വിലയറിയാം. ആ അറിവിന് ഇപ്പോൾ രാജേഷിന്റെ ജീവന്റെ മൂല്യമുണ്ട്.
പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ സമീപത്തെ ട്രാൻസ്ഫോമറിലെ ലൈനിൽ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശി രാജേഷിനെ(28) ആണ് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ എൻ.എസ്.അഭിലാഷ് ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. തെങ്ങണ ജംക്ഷനിലായിരുന്നു അപകടം.
ഇരുമ്പു പൈപ്പിൽ പരസ്യ ബോർഡ് ഉറപ്പിക്കുന്നതിനിടെ ശക്തമായ കാറ്റു വീശി. ബോർഡ് ചെരിഞ്ഞ് തൊട്ടടുത്തുള്ള ട്രാൻസ്ഫോമറിൽ തട്ടി.
രാജേഷും കൂടെയുണ്ടായിരുന്ന ജിത്തുവും (26) ഷോക്കേറ്റ് തെറിച്ചു വീണു. രാജേഷ് റോഡിലേക്കും ജിത്തു ട്രാൻസ്ഫോമറിന്റെ ചുറ്റുമുള്ള വേലിയുടെ ഉള്ളിലേക്കുമാണു വീണത്.
അബോധാവസ്ഥയിലായ രാജേഷിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അഭിലാഷ് സിപിആർ നൽകി.
അതോടെ ബോധം തിരിച്ചുകിട്ടി. ട്രാൻസ്ഫോമറിന്റെ വേലിക്കുള്ളിലേക്കു വീണ ജിത്തുവിനെ രക്ഷിക്കാൻ തന്നെക്കൊണ്ടു മാത്രം കഴിയില്ലെന്ന് അഭിലാഷിനു മനസ്സിലായി. ഈ സമയം വന്ന അഗ്നിരക്ഷാസേനയുടെ വാഹനം അഭിലാഷ് കൈകാണിച്ചു നിർത്തി.
കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈദ്യുതിബന്ധം വിഛേദിച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്ന് ജിത്തുവിനെ പുറത്തെത്തിച്ചു.
കൈ ഷോക്കേറ്റ് പൊള്ളിയിരുന്നു. ഉടനെ ഓട്ടോറിക്ഷയിൽ കയറ്റി ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്കു വിട്ടു.
ഇപ്പോൾ രാജേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇന്നലെ ഡ്രൈവർ ഡ്യൂട്ടി കഴിഞ്ഞ് തെങ്ങണയിലെത്തിയതായിരുന്നു അഭിലാഷ്.
കഴിഞ്ഞ ജൂലൈയിൽ ആംബുലൻസിൽ യുവതി പ്രസവിച്ചപ്പോൾ നഴ്സിന്റെ ജോലിയും അഭിലാഷ് ചെയ്തിരുന്നു. ഹൃദയമിടിപ്പു നിലച്ചു അബോധാവസ്ഥയിലാകുന്നവർക്കു നൽകുന്ന പ്രഥമശുശ്രൂഷയാണ് സിപിആർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]