
വൈക്കം ∙ വൈക്കത്തിന്റെ ആരോഗ്യമേഖലയ്ക്കു കൂടുതൽ കരുത്തേകി ആധുനിക നിലവാരത്തിലുള്ള പുതിയ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 55.83 കോടി രൂപ ചെലവിലാണു നിർമാണം.
11,504.32 ചതുരശ്ര മീറ്ററിൽ സംസ്ഥാന ഹൗസിങ് ബോർഡാണു നാലു നിലകളിലായി കെട്ടിടം നിർമിക്കുന്നത്. നിലവിൽ അവസാനഘട്ട
പ്രവർത്തനങ്ങളായ ഇലക്ട്രിക്കൽ ജോലികൾ, പ്ലമിങ്, ടൈൽ പാകൽ എന്നിവയാണു നടക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒപി, അത്യാഹിതവിഭാഗം, ഫാർമസി, വിശ്രമിക്കാനുള്ള സ്ഥലം, റിസപ്ഷൻ എന്നിവ പ്രവർത്തിക്കും. സ്പെഷൽ ഒപികൾ, നേത്ര രോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്ക് രോഗവിഭാഗം, യൂറോളജി, ഇഎൻടി, കാർഡിയോളജി, പാലിയേറ്റീവ് കെയർ, പിഎംആർ എന്നീ വിഭാഗങ്ങൾ രണ്ടാം നിലയിലും പ്രവർത്തിക്കും.മൂന്നാംനില പൂർണമായും വാർഡുകളും മുറികളുമാണ്.
285 കിടക്കകളും 16 പേ വാർഡുകളും ശുചിമുറി സൗകര്യവും ഉണ്ട്.
നാലാം നിലയിൽ രണ്ട് ഓപ്പറേഷൻ തിയറ്ററും ഒരു മൈനർ ഓപ്പറേഷൻ തിയറ്ററും സർജിക്കൽ ഐസിയുവും പ്രവർത്തിക്കും. എക്സ് റേ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടാവും.
കൂടാതെ 4 ലിഫ്റ്റുകൾ, വിശാലമായ പാർക്കിങ് സൗകര്യം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെക്യൂരിറ്റി കാബിൻ, ആംബുലൻസ് ഷെഡ്, ഇലക്ട്രിക്കൽ മുറി എന്നിവയും ഇതിനോടൊപ്പം ഉണ്ടാവും. ടെറസിൽ സോളർ പാനലുകളും സജ്ജമാക്കും.
നിലവിൽ വൈക്കം താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് വനിതാ-ശിശു സംരക്ഷണ ആശുപത്രി കെട്ടിടത്തിലാണ്.
ദിവസേന ആയിരത്തോളം രോഗികൾ ഒപിയിൽ എത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയിൽ 35 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പുതിയ കെട്ടിടവും സൗകര്യങ്ങളും വരുന്നതോടെ വൈക്കത്തിന്റെ ആരോഗ്യമേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും ആറുമാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും സി.കെ.ആശ എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]