
കറുകച്ചാൽ ∙ കോട്ടയം – കോഴഞ്ചേരി കറുകച്ചാൽ നെത്തല്ലൂർ ജംക്ഷനിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും തമ്മിൽ ഉരസി; അരമണിക്കൂർ ഗതാഗത തടസ്സം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
കോട്ടയത്തേക്ക് പോകുകയായിരുന്നു രണ്ട് ബസുകളും. നെത്തല്ലൂർ ജംക്ഷനിൽ കോട്ടയം റോഡിൽ സ്വകാര്യ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കെഎസ്ആർടിസി ബസ് മറികടക്കുമ്പോൾ ഉരസുകയായിരുന്നു.
കറുകച്ചാൽ പൊലീസ് സ്ഥലത്ത് എത്തി തർക്കം പരിഹരിച്ചു. കോട്ടയം – കോഴഞ്ചേരി റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന മല്ലപ്പള്ളി ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.
കെഎസ്ആർടിസി മറികടക്കുമ്പോൾ സ്വകാര്യ ബസ് പെട്ടെന്ന് എടുത്തതാണ് അപകടത്തിന് കാരണമെന്നും കെഎസ്ആർടിസിയുടെ സമയത്താണ് സ്വകാര്യ ബസ് ഓടിയതെന്നും സ്വകാര്യ ബസ് അവരുടെ സമയത്ത് തന്നെ ഓടണമെന്നു പൊലീസ് നിർദേശം നൽകിയതായും മല്ലപ്പള്ളി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. കെഎസ്ആർടിസിയുമായി തർക്കം പതിവ് മത്സരയോട്ടത്തിന്റെ ഭാഗമായി 3 മാസം മുൻപ് മല്ലപ്പള്ളിയിൽ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിപ്പിച്ചിരുന്നു.
സമയം പാലിക്കാതെ നിരത്തിലിറങ്ങുന്ന ബസുകൾ അമിത വേഗത്തിലാണ് പായുന്നത്. ഒരു ബസ് സ്റ്റോപ്പിൽ നിർത്തിയാൽ പിന്നാലെ വരുന്ന ബസ് നിർത്താതെ പോകുകയോ യാത്രക്കാരെ മുന്നിലേക്ക് മാറ്റി ഇറക്കുകയോ ചെയ്യും.
വളവുകളിൽ പോലും വാഹനങ്ങളെ മറികടക്കുന്നത് പതിവാണ്. ബസ് സ്റ്റാൻഡുകളിൽ സമയം സംബന്ധിച്ച് തർക്കവും ബഹളവും പതിവാണ്.
കറുകച്ചാൽ മുതൽ പുതുപ്പള്ളി വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതലും. കാൽനടക്കാരും ചെറുവാഹനങ്ങളും ജീവൻ കയ്യിലെടുത്താണ് ഇതുവഴി പോകുന്നത്.
മത്സരയോട്ടം മൂലം ബസ് യാത്രക്കാരും ഭീതിയിലാണ്. കഴിഞ്ഞയിടെ കോട്ടയം ഭാഗത്തേക്കു പോയ ബസ് നിർത്തിയപ്പോൾ പിന്നിൽ നിർത്തിയ കാർ പിന്നാലെ എത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചിരുന്നു.
ഒരേ സമയത്ത് പല ബസുകൾ കോട്ടയത്തു നിന്നു കോഴഞ്ചേരിക്ക് ഒരേ സമയത്ത് പുറപ്പെടുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളുമുണ്ട്. വിവിധ റൂട്ടുകളിൽ നിന്നു കറുകച്ചാൽ ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകളുമുണ്ട്.
ഇവയെല്ലാം ഒന്നിച്ച് നിരത്തിലിറങ്ങുന്നതോടെ ആളെ കയറ്റാനായി മത്സരിച്ചോടും. നാലോ അഞ്ചോ മിനിറ്റ് വ്യത്യാസത്തിൽ പുറപ്പെടുന്ന ബസുകളാണ് പലതും.
മത്സരയോട്ടവും തർക്കവും പതിവാണ്. കെഎസ്ആർടിസി ബസ് ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിന് മല്ലപ്പള്ളി, കറുകച്ചാൽ, കോഴഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമുണ്ട്.
ഭീഷണി മൂലം ജീവനക്കാർ കോട്ടയം – കോഴഞ്ചേരി ചെയിൻ സർവീസ് ബസുകളിൽ ജോലി ചെയ്യാൻ മടിക്കുന്നതായി കെഎസ്ആർടിസി അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]