
പാലാ ∙ അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് 2 യുവതികൾ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ.സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്.
ജോമോളുടെ ഏക മകൾ അന്നമോളെ (11) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.20നു പാലാ-തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപമാണ് അപകടം. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 6-ാം ക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്കൂളിലേക്കു കൊണ്ടുവരുന്നതിനിടെയാണു ജോമോളുടെ സ്കൂട്ടറിൽ കാറിടിച്ചത്.
മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായ ധന്യ ജോലിക്കായി പോവുകയായിരുന്നു.
2 സ്കൂട്ടറുകളും ഇടിച്ചു തെറിപ്പിച്ച കാർ പിന്നീടു മതിലിൽ ഇടിച്ചാണു നിന്നത്. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ 4 വിദ്യാർഥികളാണു കാറിൽ ഉണ്ടായിരുന്നത്.
അധ്യാപക പരിശീലനത്തിനായി കടനാട്ടിലെ സ്കൂളിലേക്കു പോകുകയായിരുന്നു ഇവർ. ഇവർക്കു പരുക്കില്ല.
കാറോടിച്ച ടിടിസി വിദ്യാർഥി നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്തൂസ് ത്രിജിയെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ഇളന്തോട്ടം അമ്മിയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണു ജോമോൾ. പാലായിൽ പിക്കപ്പ് വാൻ ഡ്രൈവറാണു ഭർത്താവ് സുനിൽ.ധന്യയുടെ കുടുംബം മേലുകാവുമറ്റത്തു വാടകയ്ക്കു താമസിക്കുകയാണ്.
ഇടമറുക് തട്ടാംപറമ്പിൽ കുടുംബാംഗമാണ് ധന്യ. രണ്ടാഴ്ച മുൻപു മലേഷ്യയിലേക്കു പോയ ഭർത്താവ് സന്തോഷ് സംഭവമറിഞ്ഞു നാട്ടിലെത്തി.
സംസ്കാരം ഇന്നു 11.30ന് ഇടമറുകിലുള്ള തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ: ശ്രീഹരി (പ്ലസ്വൺ), ശ്രീനന്ദൻ (6-ാം ക്ലാസ്).
‘മിന്നൽവേഗത്തിൽ കാർ; ഇടിച്ചുതെറിപ്പിച്ച് പാഞ്ഞു’
പാലാ ∙ ഒരു ഇരമ്പൽ കേട്ടാണ് നോക്കിയത്.
ഒരു കാർ മിന്നൽ വേഗത്തിൽ പായുന്നു. നല്ല മഴയും ഉണ്ടായിരുന്നു.
പെട്ടെന്നു ശബ്ദം കേട്ടു. ഓടിച്ചെന്നപ്പോൾ റോഡിന്റെ ഇടതുവശത്ത് അമ്മയും മകളും കിടക്കുന്നു, വലത്തുവശത്ത് മറ്റൊരു യുവതിയും -മുണ്ടാങ്കലിൽ തട്ടുകട
നടത്തുന്ന അന്ത്യാളം പുളിക്കൽ പി.എസ്.വിജയകുമാർ പറഞ്ഞു. രാവിലെ കട തുറക്കാൻ എത്തിയപ്പോഴായിരുന്നു ചങ്കു പിടയുന്ന കാഴ്ച.
കൈപിടിച്ചു നോക്കിയപ്പോൾ 3 പേർക്കും പൾസ് ഉണ്ടായിരുന്നു. ഈ സമയം ഇതുവഴി വന്ന 3 വാഹനങ്ങളിൽ ഉടൻ ഇവരെ ആശുപത്രിയിലേക്കു കയറ്റിവിട്ടു.
വാഹനങ്ങളിൽ എത്തിയവരും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരുമെല്ലാം സഹായവുമായി ഓടിയെത്തിയെന്നും പി.എസ്.വിജയകുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]