
മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ സ്ഥിതി പരിതാപകരം; കോൺക്രീറ്റ് പാളി അടർന്നുവീഴരുതേ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മഴക്കാലത്ത് ചോർച്ച തടയാൻ പാത്രം വയ്ക്കുന്നത് അപൂർവ കാഴ്ചയല്ല. എന്നാൽ വെയിലുള്ളപ്പോഴും പാത്രം വയ്ക്കേണ്ടി വന്നാലോ. ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയ ചാണ്ടി ഉമ്മനും സംഘവും കണ്ടത് കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഇത്തരം ഒട്ടേറെ തെളിവുകൾ. മേൽത്തട്ടിൽനിന്ന് കോൺക്രീറ്റ് വീണു പരുക്കേൽക്കാതെ രാവിലെ എഴുന്നേൽക്കാൻ കഴിയുന്നതു തന്നെ ഭാഗ്യമെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. 2 കെട്ടിടങ്ങളിലായി 300ൽ അധികം വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്.
1970ൽ പണിത ആദ്യ ബ്ലോക്കിലെ വിള്ളലുകൾ കാലപ്പഴക്കം മൂലമുണ്ടായതെങ്കിൽ 15 വർഷം മുൻപ് മാത്രം നിർമിച്ച ബ്ലോക്കിലെ വിള്ളലുകളുടെ കാരണം എന്തെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. ശുചിമുറികൾ എല്ലാം തകർന്ന നിലയിലാണ്. അറ്റകുറ്റപ്പണി നടക്കുന്നതേയില്ല. മുകൾനിലയിലെ ശുചിമുറികളിൽനിന്നുള്ള മലിനജലം തുള്ളികളായി താഴെ മുറിയിലുള്ളവരുടെ ദേഹത്താണ് വീഴുന്നതെന്നും ചാണ്ടി ഉമ്മന്റെ പരിശോധനയിൽ കണ്ടെത്തി.
ഹോസ്റ്റലിന്റെ അവസ്ഥ പരിതാപകരമാണെന്നും വിദ്യാർഥികളെ ഇവിടെനിന്നു മാറ്റിപ്പാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരാതികളുമായി ഇന്നലെ വൈകിട്ടോടെ വിദ്യാർഥികൾ, കെട്ടിട വിഭാഗത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ടെങ്കിലും പരാതി സ്വീകരിച്ചില്ല. പ്രിൻസിപ്പൽ മുഖേനയാണ് പരാതി നൽകേണ്ടതെന്ന് എൻജിനീയർ വിദ്യാർഥികളെ അറിയിച്ചു. ഹോസ്റ്റൽ അറ്റകുറ്റപ്പണിക്ക് കരാർ ആയതായാണ് വിവരം.
ശസ്ത്രക്രിയകൾ നാളെ മുതൽ
പഴയ കെട്ടിടത്തിലെ ഓപ്പറേഷൻ തിയറ്റർ പൂട്ടിയതോടെ നേരത്തേ തീരുമാനിച്ചിരുന്ന ശസ്ത്രക്രിയകൾ നാളെ പുനരാരംഭിക്കും. 10 ഓപ്പറേഷൻ തിയറ്ററുകളിലായി ഒരു ഷിഫ്റ്റിലാണ് ഓപ്പറേഷൻ മുൻപ് നടത്തിയിരുന്നത്. അത്യാഹിത വിഭാഗം കെട്ടിടത്തിലെ 5 ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ടെണ്ണം ഉപയോഗിക്കും. മറ്റ് മൂന്നെണ്ണം അത്യാഹിത വിഭാഗത്തിനു വേണ്ടിയുള്ളതാണ്. പഴയ ട്രോമാ ബ്ലോക്കിൽ മുൻപ് അറ്റകുറ്റ പണി ചെയ്ത് നവീകരിച്ചതും നിലവിൽ ഉപയോഗിക്കാതിരുന്നതുമായ 2 ഓപ്പറേഷൻ തിയറ്ററുകൾ കൂടി നാളെ മുതൽ ഉപയോഗിക്കും. ആകെ 4 ഓപ്പറേഷൻ തിയറ്ററുകൾ രണ്ട് ഷിഫ്റ്റുകളിലായി ഉപയോഗിക്കും. ഇതോടെ ശസ്ത്രക്രിയകൾ സാധാരണ നിലയിലേക്കെത്തുമെന്നും അധികൃതർ പറഞ്ഞു.
‘ ഇതിലും ഭേദം ബിഹാർ തന്നെ’
കോട്ടയം∙ ഇതിനെക്കാൾ ഭേദം മലയാളികൾ പരിഹസിക്കുന്ന ബിഹാറായിരുന്നു. ബിഹാർ സ്വദേശിയും വിദ്യാർഥിയുമായ സാകിബ് കമർ പറയുന്നത് മെഡിക്കൽ കോളജിൽ എംബിബിഎസ്, ബിഫാം പഠിക്കുന്ന ആൺകുട്ടികളുടെ ‘ഹോസ്റ്റലിലെ സൗകര്യങ്ങളെ’ കുറിച്ചാണ്. ഇന്നലെ രാവിലെ ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയോടായിരുന്നു സാകിബിന്റെ പ്രതികരണം.‘32 വിദ്യാർഥികൾക്ക് 2 ശുചിമുറി. 2 കെട്ടിടങ്ങളിലെ 300 പേർക്ക് ഒരു വാട്ടർ പ്യൂരിഫയർ. ചോർന്നൊലിക്കുന്ന മുറികൾ.രണ്ടാം നിലയിലെ മുറിയിൽ മേൽക്കൂരയിലെ ചോർച്ച കാരണം മഴയത്ത് രണ്ട് ഇഞ്ച് വരെ വെള്ളം പൊങ്ങും.
മഴയില്ലെങ്കിലും ടാങ്കിൽനിന്ന് വെള്ളം കിനിഞ്ഞിറങ്ങി ഉറങ്ങുന്നവരുടെ മുഖത്തു വീഴും. കോൺക്രീറ്റ് പാളികൾ ഇടയ്ക്കിടെ അടർന്നുവീഴും. കാട് വളർന്ന്, രണ്ടാം നിലയിലെ മുറികളിലേക്ക് വരെ കയറി.ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണിക്കുള്ള 400 രൂപ ഫീസ് എല്ലാവരും എല്ലാ മാസവും നൽകുന്നുണ്ട്. വൈദ്യുതി ബില്ലടക്കം മാസം 800 രൂപ ഹോസ്റ്റൽ ഫീസ് ആകും. എന്നാൽ ബിഹാറിൽ ഇതിന്റെ പകുതി പോലും ഫീസ് ഇല്ല. അവിടെയുള്ള സുഹൃത്തുക്കൾ ഇതിലും നല്ല ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇതിലും ഭേദം ബിഹാർ തന്നെയായിരുന്നു’– സാകിബ് കമർ പറഞ്ഞു.