കുമരകം ∙ വേനലെത്തും മുൻപേ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാകുകയാണു പടിഞ്ഞാറൻ മേഖല. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലാത്തതിനാൽ ഈ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കുന്നില്ല.
വെള്ളം കിട്ടാതെ ജനം ദുരിതത്തിലാകുമ്പോഴും ജല അതോറിറ്റിക്കു കുലുക്കമില്ല.
ന്യായങ്ങൾ പലത്
മോട്ടറുകളുടെ തകരാർ, വൈദ്യുതി പ്രശ്നം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു ജല അതോറിറ്റി പലപ്പോഴും ഒഴിവാകും. മോട്ടർ തകരാർ സ്ഥിരമായി ഉണ്ടാകുമ്പോൾ അത് മാറി പുതിയതു സ്ഥാപിക്കാൻ നടപടി എടുക്കാറില്ലെന്നാണു ജനത്തിന്റെ പരാതി.
പ്രധാന പൈപ്പ് പൊട്ടുകയോ ജോയിന്റ് ഭാഗത്ത് തകരാർ സംഭവിക്കുകയോ ചെയ്താൽ വേഗം നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകാറില്ല.
പൈപ്പ് തകരാർ സംഭവിച്ചു കഴിയുമ്പോഴാണു ഇത് നന്നാക്കാൻ വേണ്ട സാമഗ്രികൾ വാങ്ങാൻ പോകുന്നത്.
ഇത് വാങ്ങി വരുമ്പോൾ മൂന്നും നാലും ദിവസം എടുക്കും. പിന്നെ പൈപ്പ് നന്നാക്കാൻ വീണ്ടും ദിവസങ്ങൾ വേണ്ടി വരും.
പ്രധാന പൈപ്പ് ലൈനിനു തകരാർ സംഭവിച്ചാൽ ഒരാഴ്ച ജല വിതരണം മുടങ്ങുന്ന അവസ്ഥയാണ്.
വേനലായാൽ എന്താകും സ്ഥിതി?
വേനലെത്തും മുൻപേ ഇതാണ് അവസ്ഥയെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണു ജനം. കഴിഞ്ഞ വർഷവും കുമരകത്ത് ഇതേ അവസ്ഥയായിരുന്നു.
ജനുവരിയിൽ തന്നെ ശുദ്ധജലം കിട്ടാതെ വന്നു. അന്ന് പഞ്ചായത്തിലെ ഭരണകക്ഷി അംഗങ്ങൾ ജല അതോറിറ്റിക്കു മുന്നിൽ സമരം നടത്തി.
അതേസമയം തന്നെ പ്രതിപക്ഷത്തെ അംഗങ്ങൾ പഞ്ചായത്ത് ഓഫിസ് പടിക്കലും സമരം നടത്തിയിരുന്നു. ആര് എന്തു സമരം നടത്തിയാലും ഒന്നുമില്ലെന്ന മട്ടിലായിരുന്നു ജല അതോറിറ്റി.
ഇത്തവണയും സമരം അല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണ് ജനങ്ങളും പഞ്ചായത്ത് അംഗങ്ങളും.
ഉൾപ്രദേശങ്ങളിൽ കടുത്ത ക്ഷാമം
വിതരണ ടാങ്കിനു സമീപ പ്രദേശത്തു പോലും വെള്ളം കിട്ടാതെ വരുന്നു. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ശുദ്ധജലം ലഭിക്കാതെ ഏറെ വിഷമിക്കുന്നത്.
ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കുമരകത്തെ ചൂളഭാഗം, ചന്തക്കവലയ്ക്കു സമീപം എന്നിവിടങ്ങളിലെ ടാങ്കിൽ നിറച്ചാണു കുമരകത്ത് ജലവിതരണം നടത്തുന്നത്.
പുതിയ ശുദ്ധജല വിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചെങ്കിലും ടാങ്കുകളിൽ നിന്ന് വിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പാണു പല സ്ഥലത്തും ഉള്ളത്.
ഇവ പൊട്ടി വെള്ളം പാഴാകുന്നു. പ്രഷർ കുറയുന്നതു മൂലം ഉൾപ്രദേശങ്ങളിലെ പൈപ്പുകളിൽ വെള്ളം എത്തുന്നില്ല.
പാഴകുന്നത് ആയിരക്കണക്കിനു ലീറ്റർ വെള്ളം
പമ്പിങ് സമയത്ത് ടാങ്കുകളുടെ സമീപത്തെ വാൽവ് ഭാഗത്ത് കൂടി നഷ്ടപ്പെടുന്നത് ദിവസവും ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ്. ചന്തക്കവലയ്ക്കു സമീപത്തെ ടാങ്കിനു താഴത്തെ വാൽവ് ഭാഗത്തുനിന്നൊഴുകുന്ന വെള്ളം ചാലിലൂടെ സമീപത്തെ കുഴിയിൽ എത്തുന്നു.
നാട്ടുകാർ ശുദ്ധജലം കിട്ടാതെ വിഷമിക്കുമ്പോഴാണ് വെള്ളം പാഴായി പോകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

