തൊടുപുഴ ∙ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഏറ്റുമാനൂർ കാണക്കാരി കപ്പടക്കുന്നേൽ സാം കെ.ജോർജ് (59) മൃതദേഹം ഉപേക്ഷിക്കാൻ കണ്ടെത്തിയത് മലനിരകളുടെ കാഴ്ച അവസാനിക്കാത്ത ചെപ്പുകുളത്തിലെ ചക്കുരംമാണ്ടി വ്യൂ പോയിന്റാണ്. ഉടുമ്പന്നൂർ ടൗണിലെ പാറേക്കവലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് വ്യൂ പോയിന്റ്.
ചെപ്പുകുളത്ത് പ്രധാന റോഡ് അവസാനിക്കും. കുടിയേറ്റ കർഷകർ ജീവിക്കുന്ന ചെപ്പുകുളത്തേക്കു പോകുന്ന വഴിയിൽ ചക്കുരംമണ്ടിയിലെ വ്യൂപോയിന്റിൽ ബ്രോക്കൺ പാരപ്പറ്റ് കെട്ടിയിരിക്കുന്ന ഭാഗത്താണ് സാം കെ.ജോർജ് ഭാര്യ ജെസിയുടെ മൃതദേഹം കൊണ്ടുവന്നു തള്ളിയത്.
റോഡിൽ നിന്ന് വശത്തേക്കു ചേർത്തു വാഹനം നിർത്തി മൃതദേഹം പാരപ്പറ്റിലേക്ക് എടുത്തുവച്ച് 50 അടി താഴേക്ക് തള്ളിയെന്നാണ് നിഗമനം.
രാത്രി സമയങ്ങളിൽ പതിവായി വ്യൂപോയിന്റിനു സമീപം വാഹനം നിർത്തിയിട്ട് മദ്യപാനം ഉൾപ്പെടെ നടക്കുന്നതിനാൽ പ്രദേശത്ത് ആരൊക്കെ വന്നുപോകുന്നു എന്ന് ഗൗനിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. വ്യൂപോയിന്റിനു താഴെയുള്ള വെള്ളച്ചാട്ടത്തിന്റെയും അരുവിയുടെയും ശബ്ദമുള്ളതിനാൽ പ്രദേശത്തു നിന്ന് ചെറിയ ശബ്ദം കേട്ടാലൊന്നും സമീപവാസികൾ അറിയില്ല.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളുടെ കാഴ്ചയിൽ വ്യൂപോയിന്റിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് സൂര്യാസ്തമയമാണ്.
2 ദിവസം മുൻപാണ് റോഡിന് സമീപത്തെ കാട് പഞ്ചായത്ത് വെട്ടിയത്. അതുവരെ റോഡ് വശം കാട് കയറിയ നിലയിലായിരുന്നു.
മൃതദേഹം തള്ളിയതും കാട്ടുവള്ളികൾ പടർന്നിരിക്കുന്ന ഉണങ്ങിയ മരത്തിന് ചുവട്ടിലേക്കാണ്. അതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല.
മൃതദേഹം കിടന്നതിനു തൊട്ടു താഴെ വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടിയ സ്ഥലമായിരുന്നെന്ന് പ്രദേശവാസിയായ ടി.ടി.സെബാസ്റ്റ്യൻ പറഞ്ഞു.
സ്ഥലത്ത് സാമിന് മുൻപരിചയം
സാം കെ.ജോർജ് വർഷങ്ങൾക്ക് ഉടുമ്പന്നൂർ–കരിമണ്ണൂർ റോഡിലെ പള്ളിക്കാമുറിയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 2020ൽ കോവിഡ് കാലത്ത് വിദേശത്തുനിന്ന് തിരിച്ചെത്തി ക്വാറന്റീന്റെ ഭാഗമായാണ് താമസിച്ചത്. പള്ളിക്കാമുറിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ചെപ്പുകുളം ചക്കുരംമുണ്ടി.
ഒരു മാസം താമസിച്ചതിന് ശേഷം പള്ളിക്കാമുറിയിൽ നിന്ന് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി.
കൊല്ലപ്പെടുമെന്ന് ജെസി നേരത്തേ ഭയന്നു
കോട്ടയം ∙ താൻ കൊല്ലപ്പെടുമെന്ന് ഒരു വർഷം മുൻപ് ജെസി ഭയന്നിരുന്നു. എന്നാൽ ഇത്രയും വലിയ ക്രൂരതയ്ക്ക് സാം മുതിരില്ലെന്ന അവരുടെ ധാരണയാണ് തെറ്റിയത്.എംജി സർവകലാശാലാ ക്യാംപസിൽ സാമിന്റെ സഹപാഠിയായ വിയറ്റ്നാം സ്വദേശിനി കാണക്കാരിയിലെ ഇവരുടെ വീട്ടിൽ വാടകയ്ക്ക് (പേയിങ് ഗസ്റ്റ്) താമസിച്ചിരുന്നു.
ഈ യുവതിയാണ് കഴിഞ്ഞ നവംബറിൽ ജെസിക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാമിനൊപ്പം വീട്ടിലെത്തിയ ആ യുവതി 2 മാസത്തോളം വീടിന്റെ മുകൾ നിലയിൽ താമസിച്ചു.
ജെസിയുമായി നേരിട്ട് കൂടുതൽ ഇടപഴകാതിരിക്കാൻ ഇക്കാലയളവിൽ സാം ശ്രദ്ധിച്ചു.
യുവതിയെയും അതിന് അനുവദിച്ചില്ല. തന്റെ മുൻ പങ്കാളിയാണെന്നും ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും സാം യുവതിയെ ധരിപ്പിച്ചിരുന്നു.
എന്നാൽ ഒരു ദിവസം ജെസിയും സാമും തമ്മിൽ വഴക്കിട്ടതോടെ യുവതി അവിടെ നിന്ന് താമസം മാറി.പിന്നീട് ഇവിടെ പേയിങ് ഗസ്റ്റായി എത്തിയ സാമിന്റെ സഹപാഠിയായ യുവാവാണ് സാം വിവാഹിതൻ ആണെന്ന കാര്യം വിയറ്റ്നാം സ്വദേശിനിയെ അറിയിച്ചത്. യുവാവ് തന്നെ മുൻകയ്യെടുത്ത് ജെസിയെയും യുവതിയെയും തമ്മിൽ വാട്സാപ് ചാറ്റിലൂടെ പരിചയപ്പെടുത്തി.
ജെസിയോട് ഇവർ ക്ഷമ പറയുകയും സാമിൽ നിന്ന് അകലുകയും ചെയ്തു.
താൻ അകന്നതിൽ സാം ദേഷ്യത്തിൽ ആണെന്നും ജെസിയെയും ഇളയമകൻ സാന്റോയെയും കൊല്ലാൻ പദ്ധതി ഇടുന്നുണ്ടെന്നും ഇവർ ജെസിയോട് പറഞ്ഞു. എന്നാൽ കോടതിയിൽ കേസുകൾ സജീവമായി നിൽക്കുന്നതിനാൽ അതിനുള്ള സാധ്യത ജെസി തള്ളി.
എങ്കിലും ജെസി കൂടുതൽ ശ്രദ്ധയോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് ജെസിയുടെ വക്കീലായ ശശികുമാർ പറഞ്ഞു.
അന്വേഷണത്തിന്റെ നാൾവഴി
സെപ്റ്റംബർ 26
∙ ജെസി കൊല്ലപ്പെടുന്നു. സെപ്റ്റംബർ 29
∙ ജെസിയെയും ഭർത്താവ് സാമിനെയും കാണാനില്ലെന്ന് ജെസിയുടെ സുഹൃത്തിന്റെ പരാതി കുറവിലങ്ങാട് സ്റ്റേഷനിൽ ലഭിച്ചു.
ജെസിയുടെ മകന്റെ ശബ്ദസന്ദേശം ഉൾപ്പെടെയായിരുന്നു പരാതി. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല.
സെപ്റ്റംബർ 30
∙ സാധാരണ മിസ്സിങ് കേസിലെപ്പോലെ നടപടികൾ ഇഴയുന്നതായി ജെസിയുടെ സുഹൃത്തുക്കൾ ഡിജിപി മനോജ് ഏബ്രഹാം, ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ്, വൈക്കം ഡിവൈഎസ്പി ടി.പി.വിജയൻ എന്നിവരോട് പരാതിപ്പെടുന്നു.
ഒക്ടോബർ 1
∙ സാമിന്റെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ പൊലീസ് ശ്രമം തുടങ്ങി. ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
ഒരുമിച്ചാണെന്ന് മനസ്സിലായതോടെ ഇറാൻ പെൺകുട്ടിയുടെ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നു.
ഒക്ടോബർ 2
∙ പൊലീസ് സംഘം കർണാടകയിലേക്ക്. ബെംഗളൂരുവിൽ എത്തിയെങ്കിലും ഇരുവരും ദസറ കാണാൻ മൈസൂരുവിലേക്ക് പോയിരുന്നു.
പിന്നാലെയെത്തി പിടികൂടുന്നു. തിരികെ നാട്ടിലേക്ക്.
ഒക്ടോബർ 3
∙ ചോദ്യം ചെയ്യലിനിടെ കൊലപാതകം വെളിപ്പെടുത്തുന്നു.
സാമുമായി ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ പ്രാഥമിക തെളിവെടുപ്പ്. മൃതദേഹം കണ്ടെത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]