
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന സംഭവത്തിൽ പ്രതിഷേധം; ചാണ്ടി ഉമ്മനെതിരെ പൊലീസ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയത്തു മെഡിക്കൽ കോളജ് കെട്ടിടം തകർന്നു രോഗിയുടെ മാതാവ് മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാനത്തു വിവിധയിടങ്ങളിൽ വൻ പ്രതിഷേധം. മെഡിക്കൽ കോളജ് മോർച്ചറിക്കു സമീപത്തെ കവാടത്തിൽ റോഡ് ഉപരോധിച്ചതിനും ആംബുലൻസ് തടഞ്ഞതിനും ചാണ്ടി ഉമ്മൻ എംഎൽഎ, കണ്ടാൽ അറിയാവുന്ന 30 പേർ എന്നിവർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മരിച്ചവരുടെ വീട്ടുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്നതുൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയാണു ചെയ്തതെന്നും പൊലീസ് കള്ളക്കേസാണ് എടുത്തതെന്നും നിയമപരമായി നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വനിതാ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകർ തൈക്കാട് ഹൗസിന്റെ ഗേറ്റ് വരെ എത്തി.ആരോഗ്യവകുപ്പിന്റെ അനാസ്ഥ ആരോപിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഡിഎംഒ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. കാസർകോട് കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. 3 പ്രവർത്തകർക്ക് പരുക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ മെഡിക്കൽ ഓഫിസ് മാർച്ചും സംഘർഷഭരിതമായിരുന്നു.
മന്ത്രി രാജിവയ്ക്കണം: പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കു വീഴ്ച സംഭവിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അത്യാസന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതിരുന്നതു മന്ത്രിയുടെ നിലപാടുകൊണ്ടാണ്. ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി രാജിവയ്ക്കണമെന്നു സതീശൻ ആവശ്യപ്പെട്ടു.ഇന്നലെ രാവിലെയും ഒട്ടേറെപ്പേർ ആ കെട്ടിടത്തിലെത്തുകയും ശുചിമുറിയുൾപ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം ? ആരെങ്കിലും തയാറാക്കിക്കൊടുക്കുന്നതു പറയുക മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് അദ്ദേഹം ആരോപിച്ചു.ഉദ്യോഗസ്ഥർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ മന്ത്രി ചെയ്യേണ്ടത്? അപകടത്തിൽപെട്ട കെട്ടിടത്തിനുള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്. സാമാന്യബുദ്ധിയുള്ള ആരും അങ്ങനെയേ ചെയ്യൂ. ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണു മന്ത്രി ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.