
കുടുങ്ങിക്കുരുങ്ങി കാഞ്ഞിരപ്പള്ളി ടൗൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി ∙ ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസില്ല; ശനി, തിങ്കൾ ദിവസങ്ങളിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും റോഡിൽ ഇറങ്ങേണ്ട അവസ്ഥ. 3 പ്രധാന ജംക്ഷനുകളുള്ള ടൗണിൽ ആകെ 2 ഹോം ഗാർഡുകൾ മാത്രമാണ് ഗതാഗത നിയന്ത്രണത്തിനുള്ളത്.
പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരങ്ങൾ വർഷങ്ങളായിട്ടും നടപ്പായിട്ടില്ല. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളുടെ പാർക്കിങ്ങും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടും വ്യാപാര സ്ഥാപനങ്ങളിലേക്കു ലോഡ് ഇറക്കുന്നതും ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ കിടക്കാതെ ഓട്ടം പിടിക്കാൻ കറങ്ങിനടക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
6 വർഷം മുൻപ് കാഞ്ഞിരപ്പള്ളി, പൊൻകുന്നം ടൗണുകളിലെ ഗതാഗത നിയന്ത്രണത്തിനായി അനുവദിച്ചെന്ന് അറിയിച്ച ട്രാഫിക് പൊലീസ് യൂണിറ്റ് ഇതുവരെ യാഥാർഥ്യമായിട്ടില്ല.ശനിയാഴ്ച കിഴക്കൻ മേഖലയിലേക്കും തിങ്കളാഴ്ച തിരിച്ചും ദേശീയപാത വഴി കടന്നുപോകുന്ന വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ഈരാറ്റുപേട്ട റോഡ് ദേശീയപാതയിൽ സംഗമിക്കുന്ന പേട്ടക്കവല, ബസ് സ്റ്റാൻഡ് ജംക്ഷൻ, തമ്പലക്കാട്, മണിമല റോഡുകൾ ദേശീയപാതയിൽ പ്രവേശിക്കുന്ന കുരിശുങ്കൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗതം കുരുങ്ങുന്നത്.
വാഹനങ്ങൾക്ക് ടൗൺ കടന്നു പോകാൻ അരമണിക്കൂറിലേറെ വേണമെന്ന സ്ഥിതിയാണ്. ഈരാറ്റുപേട്ട , മണിമല, തമ്പലക്കാട് റോഡുകൾ വഴി എത്തുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിക്കാനും ഏറെ നേരം കാത്തുകിടക്കണം. ശനി, തിങ്കൾ ദിവസങ്ങളിലെങ്കിലും കൂടുതൽ പൊലീസിനെ നിയോഗിച്ച് ഗതാഗതം കുരുങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.