നെല്ലുസംഭരണം: ഇടനിലക്കാർ മുതലെടുക്കുന്നെന്ന് കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ ലോറിയിൽ എത്തിച്ചു നൽകണം തുടങ്ങിയ കാര്യങ്ങൾക്കു ഇവർ തീരുമാനിക്കും.
നെല്ല് ഏതു വിധേനയും വിറ്റു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന തങ്ങളെ മുതലെടുക്കുകയാണ് ഇടനിലക്കാരെന്നും കർഷകർ പറഞ്ഞു. ഇടനിലക്കാരുടെ തീരുമാനങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ നെല്ല് സംഭരണം നടക്കാതെ വരുന്ന സ്ഥിതിയാണ്. മഴയെ പേടിച്ചും കിട്ടിയ നെല്ല് വിറ്റും കടക്കെണിയിൽ നിന്നു കരകയാറാനുള്ള ശ്രമം നടത്തുമ്പോൾ ഇടനിലക്കാർ വലിയ അളവിൽ കിഴിവ് വാങ്ങി മില്ലുകാർക്കു നൽകുന്നു. ഇതുവഴി ഇടനിലക്കാരും നേട്ടം കൊയ്യുന്നതായും കർഷകർ ആരോപിക്കുന്നു.
ചാക്കിലും വെട്ടിപ്പ്
നെല്ല് സംഭരിക്കുന്ന ചണച്ചാക്കിന്റെ തൂക്കത്തിലും കബളിപ്പിക്കപ്പെടുന്നതായി കർഷകർ. ഒരു ചണച്ചാക്ക് കൂടിയാൽ 500 ഗ്രാം ഉണ്ടാകൂ എന്നു കർഷകർ. എന്നാൽ, മില്ലുകാർ ചാക്കിന്റെ തൂക്കം കുറയ്ക്കുന്നത് 700 ഗ്രാം വീതമാണ്. 100 കിലോ നെല്ല് തൂക്കുന്നത് 2 ചാക്കിലാണ്. ഒരു ചാക്കിൽ നിന്നു 200 ഗ്രാം നെല്ല് കൂടുതലായി മില്ലുകാർക്കു ലഭിക്കുന്നു. നല്ല വിളവ് ഉണ്ടായ ഒരേക്കറിലെ നെല്ല് തൂക്കുന്നതിന് 60 ചാക്ക് വേണ്ടി വരും. ചാക്ക് തൂക്കം വഴി മില്ലുകാർക്കു ഒരേക്കറുള്ള കർഷകനിൽനിന്നു 12 കിലോ നെല്ല് കൂടുതലായി ലഭിക്കുന്നു. ചാക്ക് തൂക്കത്തിൽ കൂടുതൽ എടുക്കുന്നതിനു പുറമേയാണ് ഒരു ക്വിന്റൽ നെല്ലിനു മില്ലുകാർ കിഴിവ് വാങ്ങുന്നത്. ഇത് 3 കിലോ ഗ്രാം മുതൽ 8 കിലോ ഗ്രാം വരെയാണു വാങ്ങുന്നത്.
കൈപ്പറ്റ് രസീത് നൽകുന്നില്ല
നെല്ല് സംഭരിച്ചു കഴിഞ്ഞു ഉടൻ നൽകേണ്ട കൈപ്പറ്റ് രസീത് വൈകിക്കുന്നതായും കർഷകർക്കു പരാതി. കുമരകത്തെ ചില പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും പിആർഎസ് (കൈപ്പറ്റ് രസീത്) നൽകിയില്ലെന്നാണു കർഷകരുടെ പരാതി.