കോട്ടയം ∙ കളിവിളക്ക് തെളിഞ്ഞു. അരങ്ങിൽ മിഴാവും ഇടയ്ക്കയും ഇലത്താളവും ചേർന്നൊരുക്കിയ മേളപ്പെരുമ.
ചുവപ്പുകിരീടവും കർണഭാരവും തോടയും ഹാരങ്ങളും തോൾ വളകളും കഥാപാത്രത്തിന്റെ ഉടുത്തുകെട്ടുമായി നങ്ങ്യാർക്കൂത്ത്.കൈമുദ്രകളിലൂടെയും മിഴിയിണകളുടെ ചലനങ്ങളിലൂടെയും മുഖഭാവങ്ങൾ ഇതൾ വിരിഞ്ഞത്, പതിവിൽനിന്നു വ്യത്യസ്തമായ കഥയ്ക്ക് വേണ്ടിയാണ് – ‘മാതൃവിലാപം മിശിഹാ ചരിതം ’. ബൈബിളിനെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ കലാവിരുന്ന് അരങ്ങിൽ അവതരിപ്പിച്ച് വിസ്മയം തീർത്തത് കലാമണ്ഡലം സംഗീതയാണ്.പള്ളത്തെ ആസ്വാദകക്കൂട്ടായ്മയിൽ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച നങ്ങ്യാർക്കൂത്ത് 8നു വൈകിട്ട് 5നു ഇടവക ദിനത്തോടനുബന്ധിച്ച് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ വീണ്ടും അവതരിപ്പിക്കും.
2 മാസത്തെ പരിശീലനം കൊണ്ടാണ് കലാമണ്ഡലം സംഗീതകഥ അരങ്ങത്ത് എത്തിയത്.
സംഗീതയുടെ ഭർത്താവ് കലാമണ്ഡലം രതീഷ്ദാസ്, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ പ്രധാന വാദ്യമായ മിഴാവ് വായിച്ചു. കലാമണ്ഡലം രാജീവ് (ഇടയ്ക്ക), കലാമണ്ഡലം സജിത (ഇലത്താളം) എന്നിവർ മേളമൊരുക്കി.
2 മണിക്കൂർ ദൈർഘ്യമുള്ള കഥ ഇടനാട്ട് ഇണ്ടളയപ്പ ക്ഷേത്രം തന്ത്രി ശ്രീധര ശർമ, വികാരി ഫാ.ഡോ.തോമസ് പി.സഖറിയ, ഫാ.മാത്യു നെടുംപറമ്പിൽ, ഫാ.രാജൻ വർഗീസ് പുളിമൂട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം. ജേക്കബ് ജാതിക്കാടൻ ഉപഹാരം നൽകി.
കഥാതന്തു
കുരിശിൽ ജീവൻ വെടിഞ്ഞ യേശുവിന്റെ ശരീരം കൈകളിൽ വഹിച്ച് വാത്സല്യപുത്രന്റെ അവസ്ഥ യിൽ വിലപിക്കുന്ന മറിയത്തിന്റെ വികാരവിചാരങ്ങളാണ് കഥാതന്തു.
തിരുപ്പിറവി മുതൽ സ്വർഗാരോഹണം വരെയായിരുന്നു അവതരണം. കുറിച്ചി കേളി ഗുരുശ്രീപുരം കഥകളി സംഘം സെക്രട്ടറി പള്ളം എടത്തുംപടിക്കൽ നെടുംപറമ്പിൽ കൊച്ചിട്ടി മാത്യുവിന്റെ ആശയത്തിൽ സജനീവ് ഇത്തിത്താനം, ചെങ്ങന്നൂർ ഹരി ശർമ എന്നിവരാണ് കഥ ചിട്ടപ്പെടുത്തിയത്. സംസ്കൃത പണ്ഡിതൻ പ്രഫ.പി.സി.ദേവസ്യ രചിച്ച കൃതിയിൽനിന്നാണ് കഥാഭാഗം തിരഞ്ഞെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

