
മൂന്നിലവ് ∙ വർഷങ്ങൾ നീണ്ട ഒരു നാടിന്റെ കാത്തിരിപ്പിനു വിരാമമാകുന്നു.
2021ൽ ഉണ്ടായ അതിതീവ്ര മഴയെത്തുടർന്ന് തകർന്നു വീണ കടപുഴ പാലവും റോഡും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നു കേന്ദ്ര ഗോത്രകാര്യ മന്ത്രി ജൂവൽ ഓറം ഉറപ്പു നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കിപ്പണിയാൻ 2.5 കോടി രൂപയും മേച്ചാലിലേക്കുള്ള 7.5 കിലോമീറ്റർ റോഡ് നിർമാണത്തിന് 15 കോടിയും ഉൾപ്പെടെ 17.5 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടികവർഗ വിഭാഗത്തിനുള്ള പ്രത്യേക സ്കീമിൽ നിന്നു തുക അനുവദിക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടികവർഗ ഗ്രാമപ്പഞ്ചായത്തായ മൂന്നിലവിലെ കടപുഴ പാലവും അപ്രോച്ച് റോഡും അടിയന്തരമായി പുനർനിർമിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാലം തകർന്നതോടെ മലഞ്ചെരുവുകൾ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമാണ്.
മേച്ചാൽ, ചക്കിക്കാവ്, നെല്ലാപ്പാറ പ്രദേശത്തുള്ളവർക്ക് മൂന്നിലവിലേക്കുള്ള യാത്രാമാർഗമായ കടപുഴ പാലം തകർന്നതോടെ ആശുപത്രികൾ, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്ക് പോകാൻ 20 കിലോമീറ്ററിലധികം കൂടുതലായി യാത്ര ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ചർച്ചയിൽ ഫ്രാൻസിസ് ജോർജ് മന്ത്രിയെ ധരിപ്പിച്ചു.
നടക്കാത്ത പ്രഖ്യാപനങ്ങൾ
12 വർഷം മുൻപ് നബാർഡ് 8 കോടി രൂപ മുടക്കി റോഡ് ടാറിങ് നടത്തിയിരുന്നു.
പിന്നീട് ഏതാനും വർഷത്തെ പരിപാലത്തിനുശേഷം പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽനിന്ന് റോഡിനെ മാറ്റി. ഇതു പുനഃസ്ഥാപിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും നടപടികൾ തടസ്സപ്പെട്ടു. മൂന്നിലവ് പഞ്ചായത്തിലെ നടപ്പാക്കാൻ കഴിയാത്ത ചില്ലച്ചി പാലത്തിനായി ബജറ്റിൽ അനുവദിച്ച 3.86 കോടി രൂപ കടപുഴ പാലത്തിനായി മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല.
പ്രളയത്തിൽ തകർന്ന കടപുഴ പാലം സന്ദർശിച്ച മന്ത്രി വി.എൻ.വാസവൻ പട്ടികവർഗ ഫണ്ട് ഉപയോഗിച്ചും മന്ത്രി കെ.രാജൻ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചും പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
അടുത്തയിടെ കേന്ദ്രസംഘം സ്ഥലം സന്ദർശിച്ചപ്പോൾ എംപിയും എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്കും മറ്റു ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസംഘത്തെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ
പാലം തകർന്നിട്ട് 4 വർഷമായിട്ടും പുനർനിർമിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. തുടർന്ന് മാണി സി.കാപ്പൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്ന് സാങ്കേതിക തടസ്സങ്ങൾ ഉയർത്തി പാലം നിർമിക്കാത്തതിനെതിരെ മേച്ചാൽ കീരിപ്ലാക്കൽ റോസമ്മ തോമസ് ഹൈക്കോടതിയിൽ ഹർജി നൽകി. കടപുഴ പാലം പുനർനിർമിക്കുന്നതിന് 2 മാസത്തിനകം ഭരണാനുമതി നൽകണമെന്ന് ഏപ്രിൽ ആദ്യം ഹൈക്കോടതി ഉത്തരവായെങ്കിലും നടപടി ഉണ്ടായില്ല.
പ്രളയത്തിൽ തകർന്ന പാലം നിർമാണത്തിനു പിന്നീട് അവതരിപ്പിച്ച 4 ബജറ്റുകളിലും തുക അനുവദിച്ചിരുന്നില്ല. ഇതിനിടെ മാണി സി.കാപ്പൻ, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു വർഷത്തെ തുക അനുവദിച്ചെങ്കിലും ഇതുപയോഗിച്ച് പാലം നിർമിക്കാൻ സർക്കാർ അനുമതി നിഷേധിച്ചു. മൂന്നിലവ്-കടപുഴ-മേച്ചാൽ-ചക്കിക്കാവ് റോഡ് പൊതുമരാമത്ത് ആസ്തിയിൽ ഉൾപ്പെടുത്താൻ തയാറാകാതിരുന്നതും പാലം നിർമാണത്തിനു തടസ്സമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]