
അപൂർവ മസ്തിഷ്ക രോഗം; ആറു വയസ്സുകാരന് സങ്കീർണ ശസ്ത്രക്രിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ അപൂർവ മസ്തിഷ്ക രോഗം ബാധിച്ച ആറു വയസ്സുകാരൻ സങ്കീർണ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. എം.കെ.സരീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഡിറൂഫിങ് എക്സിഷൻ ആൻഡ് വിപി ഷൺഡിങ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
തലച്ചോറിൽ ഉണ്ടാകുന്ന ദ്രാവകം നിറഞ്ഞ അറകളാണ് അരക്നോയിഡ് സിസ്റ്റുകൾ. സാധാരണ ഗതിയിൽ അപകടകാരികളാവാത്ത ഇത്തരം മുഴകൾ അപൂർവമായി അപസ്മാരം, രക്തസ്രാവം, വെള്ളം കെട്ടൽ, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകാറുണ്ട്. തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബാലൻസ് തെറ്റിയുള്ള നടത്തം എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. ഇത്തരം രോഗം ബാധിക്കുന്ന കുട്ടികളിൽ തല വലുതാകാനും മാനസികവും ശാരീരികവുമായ വളർച്ചയിൽ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
അപൂർവമായ ഈ രോഗം കണ്ടുപിടിച്ചാൽ എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമില്ല. തുടർച്ചയായി അപസ്മാരം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്ത് കുട്ടിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരമായതോടെയാണ് അതിസൂക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയ നിശ്ചയിച്ചത്. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബേസിൽ പോൾ മനയാലിൽ, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റ് ഡോ. ജോസ് കുര്യൻ ജേക്കബ്, അസോ. കൺസൾട്ടന്റ് ഡോ. സഫലിയ നാസർ എന്നിവർ ചികിത്സയിൽ ഭാഗമായി. സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങി.